| Saturday, 6th August 2022, 5:11 pm

ആ ഷോട്ട് സച്ചിനെയോ വിരാടിനെയോ ദ്രാവിഡിനെയോ അല്ല, ബാബറിനെ കണ്ട് പഠിക്കണം; യുവതാരങ്ങളോട് ബാബറിനെ അനുകരിക്കാന്‍ മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മോഡേണ്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്ററാണ് പാക് നായകന്‍ ബാബര്‍ അസം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടം കാഴ്ചവെക്കുന്ന ഫ്യൂച്ചര്‍ ലെജന്‍ഡ് പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച താരവുമാണ്.

ബാബറിന്റെ ഫോമിനെയും കളിരീതിയെയും കണ്‍സിസ്റ്റന്‍സിയെയും അഭിനന്ദിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്താറുണ്ട്. ക്രിക്കറ്റ് അനലിസ്റ്റുകളും മുന്‍ സൂപ്പര്‍ താരങ്ങളുമടക്കം ബാബറിന്റെ കളിശൈലിക്ക് വലിയ ഫാന്‍ ബേസ് തന്നെയാണുള്ളത്.

ഇപ്പോഴിതാ, ബാബറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ക്രിക്കറ്റ് പഠിച്ചുവരുന്ന താരങ്ങളോട് ബാബര്‍ അസമിന്റെ കവര്‍ ഡ്രൈവ് കണ്ട് പഠിക്കാനാണ് താന്‍ എപ്പോഴും ആവശ്യപ്പെടാറുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.

മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച കവര്‍ ഡ്രൈവുകളിലൊന്ന് ബാബറിന്റെതാണ്. ലോകത്തിലെ ഏറ്റവും മികച്ച കവര്‍ ഡ്രൈവ് ബാബറിന്റേതാണെന്ന് വാദിക്കുന്നവരുടെ എണ്ണവും ചെറുതല്ല. ഈ സാഹചര്യത്തിലാണ് മുന്‍ ഇംഗ്ലണ്ട് സ്‌കിപ്പറുടെ പ്രസ്താവന.

‘ഞാന്‍ ആരെയെങ്കിലും കവര്‍ ഡ്രൈവ് ചെയ്യാന്‍ പഠിപ്പിക്കുകയാണെങ്കില്‍ ബാബര്‍ അസമിന്റെ ഷോട്ട് കാണൂ എന്നാണ് അവനോട് പറയുക,’ നാസര്‍ ഹുസൈന്‍ പറയുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കവര്‍ ഡ്രൈവ് കളിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും, ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡും തന്റെ ഫ്‌ളോലെസ് കവര്‍ ഡ്രൈവിന് പ്രശസ്തരായിരുന്നു.

കഴിഞ്ഞ പല മത്സരങ്ങളിലായി ബാബര്‍ അസം തന്റെ ഫോമും കണ്‍സിസ്റ്റന്‍സിയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച പ്രകടനങ്ങള്‍ താരത്തെ ഐ.സി.സി റാങ്കിങ്ങിലും മുമ്പിലെത്തിച്ചിരുന്നു.

വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ രണ്ട് ഫോര്‍മാറ്റിലും (ടി-20, ഏകദിനം) ഐ.സി.സിയുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന താരം ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാമതാണ്.

ഈ മാസം വരാനിരിക്കുന്ന ഏഷ്യാ കപ്പും ടി-20 ലോകകപ്പും പാകിസ്ഥാന് നേടിക്കൊടുക്കുക എന്ന ലക്ഷ്യമാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാബറിന് മുമ്പിലുള്ളത്. ടീം ഇതിനോടകം തന്നെ സ്‌ക്വാഡ് പ്രഖ്യാപിച്ച് പരിശീലനവും ആരംഭിച്ചിട്ടുണ്ട്.

Content Highlight: Former England captain Nasser Hussain about Pakistan skipper Babar Azam

We use cookies to give you the best possible experience. Learn more