കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വീണ്ടും പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കുകയായിരുന്നു. ഈ സീസണില്‍ വരുന്നവരുടേയും പോകുന്നവരുടേയും ചെണ്ടയായി മാറിയ സൂപ്പര്‍ കിംഗ്‌സിനെ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു അവസാനം എടുത്തിട്ട് കുടഞ്ഞത്.
ജയിക്കാനാവുന്ന മത്സരമായിരുന്നു ചെന്നൈ കൈവിട്ടുകളഞ്ഞത്. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അത് ഡിഫന്‍ഡ് ചെയ്യാന്‍ പറ്റാതെ പോയതായിരുന്നു ചെന്നൈയ്ക്ക് തിരിച്ചടിയായത്.
ഡേവിഡ് മില്ലര്‍ പഴയ ‘കില്ലര്‍ മില്ലറാ’വുകയും ഹര്‍ദിക്കിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത റാഷിദ് ഖാന്‍ ആഞ്ഞടിക്കുകയും ചെയ്തതോടെയാണ് ചെന്നൈ വീണ്ടും പല്ലുകൊഴിഞ്ഞ സിംഹമായത്.
ചെന്നൈ തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ ആരാധകരും ക്രിക്കറ്റ് അനലിസ്റ്റുകളും ഒരുപോലെ വിരല്‍ ചൂണ്ടുന്നത് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്ക്ക് നേരെയാണ്. പ്രഷര്‍ സിറ്റ്വേഷനുകളില്‍ കൃത്യമായ തീരുമാനെമെടുക്കാനാവാതെ സമ്മര്‍ദ്ദത്തിലാവുന്ന ക്യാപ്റ്റനെയാണ് സി.എസ്.കെ ആരാധകര്‍ എന്നും കാണുന്നത്.
ഇപ്പോഴിതാ, താരത്തിന്റെ ക്യാപ്റ്റന്‍സിയെ വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ജഡേജ പോര എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ഇതിന് പുറമെ മുന്‍ നായകന്‍ ധോണിയെ കുറിച്ചും അദ്ദേഹം ക്യാപ്റ്റന്‍സിയെ എത്രത്തോളം മനോഹരമാക്കിയെന്നും വോണ്‍ പറയുന്നുണ്ട്.
ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് വോണ്‍ ഇക്കാര്യം പറയുന്നത്.
‘ ഒരു പുതിയ ക്യാപ്റ്റനെന്ന നിലയില്‍, വലിയ മത്സരങ്ങളില്‍ ജയിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഗുജറാത്തിനോട് നടന്നത് ഒരു ടൈറ്റ് മത്സരമാണെന്ന് ഞാന്‍ കരുതുന്നില്ല, എന്നിട്ടും അവര്‍ തോറ്റു.
പത്തോ പതിനഞ്ചോ റണ്‍സിനെ ചെന്നൈക്ക് എളുപ്പത്തില്‍ ജയിക്കാവുന്ന മത്സരമായിരുന്നു അത്. ഇനി എന്ത് സംഭവിക്കും എന്ന് എനിക്ക് ഊഹിക്കാനാവുന്നതേ ഉള്ളൂ.
എം. എസ്. ധോണി ഇത്തരത്തില്‍ ഇത്രയധികം മത്സരങ്ങളില്‍ തോറ്റതായി ഞാന്‍ ഓര്‍ക്കുന്നില്ല. ധോണിയുടെ ടീം ഒരു ടൈറ്റ് മത്സരം തോല്‍ക്കുന്നത് നിങ്ങള്‍ക്കൊരിക്കലും കാണാനാവില്ല. മാത്രമല്ല ഒരു മത്സരം ടൈറ്റാകാന്‍ പോലും ധോണി അനുവദിക്കുമായിരുന്നില്ല.’ വോണ്‍ പറയുന്നു.
ഒരു ക്യാപ്റ്റന്റെ റോളില്‍ ജഡേജ സ്വയം തന്ത്രങ്ങള്‍ മെനയുന്നതും ഫീല്‍ഡിംഗ് സെറ്റ് അപ് ചെയ്യുന്നതും നല്ലതാണെന്നും, ഇതേ കാര്യം തന്നെയാണ് ധോണിയില്‍ നിന്നും ജഡേജ ആഗ്രഹിക്കുന്നതെന്നും വോണ്‍ പറയുന്നു.
മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോയിലെങ്കിലും ഇരു ടീമുകളും തങ്ങളുടെ മാസ്മരിക പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content highlight: Former England Captain Micheal Vaughan against captaincy of Ravindra Jadeja