സൂപ്പര്‍ താരങ്ങളായ കുല്‍ദീപ് യാദവിനെയും സൂര്യകുമാര്‍ യാദവിനെയും ഇന്ത്യ ടെസ്റ്റ് ടീമിന്റെ ഭാഗമാക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ 3-1ന്റെ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.
വിരാട് കോഹ്‌ലിയും ശുഭ്മന്‍ ഗില്ലും സാധാരണ ടെസ്റ്റ് രീതിയില്‍ ബാറ്റ് വീശുമ്പോള്‍ റിഷബ് പന്തിനും സൂര്യകുമാര്‍ യാദവിനും ആക്രമിച്ചുകളിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് വോണിന്റെ നിരീക്ഷണം.
ക്ലബ്ബ് പ്രയറി ഫയറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് വോണ്‍ ഇക്കാര്യം പറഞ്ഞത്.
‘രണ്ട് സൂപ്പര്‍ താരങ്ങളെ ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്നാമന്‍ കുല്‍ദീപ് യാദവാണ്. എല്ലായ്‌പ്പോഴും ഞാന്‍ അവനെ ടെസ്റ്റ് ടീമിന്റെ ഭാഗമാക്കി നിര്‍ത്തും. സൂര്യകുമാര്‍ യാദവിനെ പോലെ ഒരാളെ ടീമിന്റെ ഭാഗമാക്കാനും ഞാന്‍ ഒട്ടും തന്നെ ഭയപ്പെടില്ല.
ഏതൊരു എതിരാളികളെയും നേരിടാനുള്ള പ്രത്യേക കഴിവ് അവന് (സൂര്യകുമാര്‍ യാദവ്) ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കൂടാതെ ഇത്തരത്തില്‍ റിഷബ് പന്ത് ടീമിനൊപ്പമുണ്ടായിരിക്കുകയും ചെയ്യുന്നത് മികച്ചതാകും.
ഒപ്പം വിരാട് കോഹ് ലിയും ശുഭ്മന്‍ ഗില്ലും ക്രീസില്‍ ഉറച്ചു നിന്ന് കണ്‍വെന്‍ഷണല്‍ രീതിയില്‍ കളിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഇവര്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്താല്‍ പന്തിനും സൂര്യക്കും വെടിക്കെട്ട് നടത്താനും സാധിക്കും,’ വോണ്‍ പറഞ്ഞു.
2023ലെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ സൂര്യകുമാര്‍ ഇന്ത്യയ്ക്കായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. നാഗ്പൂരില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സ്‌കൈ ഇന്ത്യയ്ക്കായി തന്റെ ആദ്യ ടെസ്റ്റ് കളിച്ചത്. താരം ഒടുവില്‍ കളിച്ച ടെസ്റ്റ് മത്സരവും ഇതുതന്നെയാണ്.
ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനും വിജയിച്ച മത്സരത്തില്‍ എട്ട് റണ്‍സിനാണ് സ്‌കൈ പുറത്തായത്.
കുല്‍ദീപ് യാദവാകട്ടെ ഇന്ത്യയ്ക്കായി 13 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. നാല് ഫൈഫറും മൂന്ന് ഫോര്‍ഫറും അടക്കം 56 വിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ടീമിനൊപ്പമുണ്ടായിരുന്ന കുല്‍ദീപിന് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.
Content Highlight: Former England captain Michael Vaughn wants Kuldeep Yadav and Suryakumar Yadav in India’s test squad