| Saturday, 2nd March 2024, 8:59 am

അവനാണ് അടുത്ത ആര്‍. അശ്വിന്‍; ഇന്ത്യക്ക് പുറത്ത് നിന്നും പിന്‍ഗാമിയെ തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ ഇതിഹാസ താരം രവിചന്ദ്രന്‍ അശ്വിന്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ 500 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ ഒമ്പത് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഈ വെറ്ററന്‍ സൂപ്പര്‍ താരം.

ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് മാത്രം ഇന്ത്യന്‍ താരവും ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിലെ ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ രണ്ടാമനുമാണ് അശ്വിന്‍.

മുത്തയ്യ മുരളീധരന് ശേഷം വലംകയ്യന്‍ ഓഫ് ബ്രേക്ക് രീതിയെ ഇത്രത്തോളം എഫക്ടീവായി ഉപയോഗിച്ച അപൂര്‍വം താരങ്ങളില്‍ ഒരാളാണ് അശ്വിന്‍. ടെസ്റ്റ് കരിയറിലെ 99 മത്സരത്തില്‍ നിന്നും 507 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. 23.91 ശരാശരിയില്‍ 35 ഫൈഫറിന്റെയും എട്ട് ടെന്‍ഫറിന്റെയും കരുത്തിലാണ് അശ്വിന്‍ പന്തെറിയുന്നത്.

ഇപ്പോള്‍ അശ്വിന്റെ പിന്‍ഗാമിയെ ഇംഗ്ലണ്ടില്‍ നിന്നും കണ്ടെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും ഇതിഹാസ ബാറ്ററുമായ മൈക്കല്‍ വോണ്‍. ഇംഗ്ലണ്ട് യുവതാരം ഷോയ്ബ് ബഷീറിനെയാണ് വോണ്‍ അടുത്ത അശ്വിന്‍ എന്ന് വിശേഷിപ്പിച്ചത്.

‘ഇംഗ്ലീഷ് ക്രിക്കറ്റിന് ഇത് വളരെ മികച്ച ആഴ്ചയാണ്. ഞങ്ങള്‍ കണ്ടെത്തിയ മറ്റൊരു ലോകോത്തര സൂപ്പര്‍ താരമായ ഷോയ്ബ് ബഷീറിനെ ആഘോഷിക്കുകയാണ്. രണ്ടാം ടെസ്റ്റില്‍ അവന്‍ എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. അവനാണ് അടുത്ത ആര്‍. അശ്വിന്‍. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ അവനെ ഞങ്ങള്‍ കണ്ടെത്തി. അവന് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച താരമായി മാറാന്‍ സാധിക്കും,’ പ്രയറി ഫയറിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വോണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് ഷോയ്ബ് ബഷീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം നടത്തിയ ബഷീര്‍ ഭാവിയില്‍ വരാനിരിക്കുന്ന കൊടുങ്കാറ്റിനെ കുറിച്ചുള്ള സൂചനകളും നല്‍കിയിരുന്നു.

വിശാഖപട്ടണത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേതടക്കം നാല് വിക്കറ്റുകളാണ് ബഷീര്‍ സ്വന്തമാക്കിയത്.

പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കളിക്കാതിരുന്ന ബഷീര്‍ റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ തിളങ്ങി. കരിയറിലെ ആദ്യ ടെസ്റ്റ് ഫൈഫറടക്കം എട്ട് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

കരിയറിലെ രണ്ട് മത്സരത്തില്‍ നിന്നും 12 വിക്കറ്റാണ് ഇംഗ്ലണ്ട് വലംകയ്യന്‍ ഓഫ് ബ്രേക്കറുടെ സമ്പാദ്യം. 32.83 ശരാശരിയിലും 61.5 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്.

നേരത്തെ കൗണ്ടി ക്രിക്കറ്റില്‍ മികവ് പുലര്‍ത്തിയതിന് പിന്നാലെയാണ് ഷോയ്ബ് ബഷീറിന് ഇന്ത്യന്‍ പര്യടനത്തിനുള്ള വിളിയെത്തിയത്. കൗണ്ടിയില്‍ സോമര്‍സെറ്റിന് വേണ്ടിയാണ് താരം പന്തെറിഞ്ഞത്. ഇതിഹാസ താരം അലിസ്റ്റര്‍ കുക്കിനെയടക്കം വെള്ളം കുടിപ്പിച്ചാണ് ബഷീര്‍ കൗണ്ടിയില്‍ തിളങ്ങിയത്.

ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ബഷീര്‍ ഇതുവരെ കളിച്ചിട്ടുള്ളത്. ഇതിലെ പത്ത് ഇന്നിങ്സില്‍ നിന്നുമായി പത്ത് വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. 155 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനം. 3.30 എന്ന എക്കോണമിയിലും 121.8 എന്ന സ്ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ബഷീറിന്റെ ശരാശരി 67.00 ആണ്.

ലിസ്റ്റ് എയിലെ ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് വിക്കറ്റ് നേടിയ ഷോയ്ബ് ബഷീര്‍ നാല് ടി-20 ഇന്നിങ്സില്‍ നിന്ന് നാല് വിക്കറ്റും നേടിയിട്ടുണ്ട്.

Content Highlight: Former England captain Michael Vaughn says Shoaib Bashir is the new R Ashwin

We use cookies to give you the best possible experience. Learn more