2019ലെ ഏകദിന ലോകകപ്പിന് പിന്നാലെ 2022 ടി-20 ലോകകപ്പും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. 2019ല്‍ ന്യൂസിലാന്‍ഡിനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയപ്പോള്‍ 2022ല്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് തകര്‍ത്തുവിട്ടത്.
അതേസമയം, ഏകദിന ലോകകപ്പും ടി-20 ലോകകപ്പും ഒരേസമയം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന ഖ്യാതിയും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.
2023ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിലും ഇംഗ്ലണ്ട് തന്നെ ചാമ്പ്യന്‍മാരാവുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.
ഇന്ത്യ ലോകകപ്പ് നേടും എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നുമായിരുന്നു വോണിന്റെ പരാമര്‍ശം.
ടെലിഗ്രാഫിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഇംഗ്ലണ്ടിന്റെ അടുത്ത ലക്ഷ്യമെന്ന് പറയുന്നത് തന്നെ 2023ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പാണ്. അവര്‍ക്ക് മികച്ച സ്പിന്‍ ഓപ്ഷനുകളുണ്ട്. കൂടാതെ ജോസ് ബട്‌ലറിന്റെ ടീം തന്നെയായിരിക്കും ലോകകപ്പ് ഫേവറിറ്റുകള്‍.
ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ ആളുകള്‍ പറയും ഇന്ത്യയിലാണ് കളി നടക്കുന്നത് അപ്പോള്‍ കപ്പെടുക്കാന്‍ ഏറ്റവും സാധ്യത ഇന്ത്യക്കാണ് എന്നൊക്കെ. അതിനെയൊക്കെ ശുദ്ധ അസംബന്ധം എന്നല്ലാതെ എന്ത് പറയാന്‍. ഇനി വരുന്ന വര്‍ഷങ്ങളിലും ഇംഗ്ലണ്ടിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടാന്‍ പോവുന്നില്ല,’ വോണ്‍ പറയുന്നു.
2015 ലോകകപ്പ് തോല്‍വിക്ക് ശേഷം ഒരു ടീം എന്ന നിലയില്‍ ഇംഗ്ലണ്ടിന് കാര്യമായ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. വൈറ്റ് ബോള്‍ ഗെയിമുകളില്‍ ആക്രമിച്ചു കളിക്കുന്ന ബാറ്റര്‍മാരും എതിരാളികളെ കുഴപ്പിക്കുന്ന തന്ത്രങ്ങളുമായി ബൗളര്‍മാരും തങ്ങളുടെ പ്രകടനം മൂര്‍ച്ച കൂട്ടിയെടുക്കുന്നുണ്ട്.
ശേഷം 2019ല്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടായിരുന്നു ചാമ്പ്യന്‍മാരായത്. ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തോല്‍പിച്ചായിരുന്നു ത്രീ ലയണ്‍സ് ചാമ്പ്യന്‍മാരായത്.
നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളും തുല്യത പാലിച്ചപ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.
ഇതിന് മുമ്പ് 2011ലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏകദിന ലോകകപ്പിന് വേദിയായത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. അന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചുകൊണ്ട് ഇന്ത്യ രണ്ടാം തവണ ഏകദിന ലോകകപ്പില്‍ മുത്തമിടുകയായിരുന്നു.
2023ല്‍ ഇന്ത്യ ഒറ്റക്കാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.