ഐ.പി.എല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വിയാണ് അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മോശം തുടക്കമാണ് പുതിയ സീസണില്‍ മുംബൈയ്ക്ക് ലഭിച്ചിരിക്കുന്നത്.
ടീമിന്റെ തോല്‍വിക്ക് കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കിള്‍ വോഗന്‍. രോഹിത്തിന് ബാറ്റിലുള്ള ടച്ച് വിട്ടെന്നും രോഹിത് ഒരു ബാറ്റര്‍ എന്ന നിലയില്‍ പരാജയമാണെന്നും അദ്ദേഹം പറയുന്നു.
ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് വോഗന്‍ ഇക്കാര്യം തുറന്നടിക്കുന്നത്.
‘രോഹിത് ശര്‍മ ഒരു പ്രശ്‌നമാണ്. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകപദവിയേറ്റെടുത്തതോടെ ഐ.പി.എല്ലില്‍ മാത്രമല്ല അന്താരാഷ്ട്ര മത്സരത്തിലും ഒരു ബാറ്റര്‍ എന്ന നിലയില്‍ പരാജയമാണ്.
രോഹിത് തന്റെ ഇന്ത്യന്‍ ക്യാപ്റ്റന്‍സിയെ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനമുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നത് എന്നെ സംബന്ധിച്ച് ആശങ്കാജനകം തന്നെയാണ്,’ വോഗന്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും മുംബൈ ദയനീയമായി പരാജയപ്പെട്ടിരുന്നു. രോഹിത് ശര്‍മയടക്കമുള്ള മുന്‍നിര താരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് മുംബൈയുടെ തോല്‍വിക്ക് കാരണമാകുന്നത്.
യുവതാരങ്ങള്‍ ഒരറ്റത്ത് നിന്നും ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ സീനിയര്‍ താരങ്ങളുടെ ഭാഗത്ത് നിന്നും പിന്തുണ ലഭിക്കാത്തതും മുംബൈയെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്.
മെഗാലേലത്തില്‍ വരുത്തിയ വന്‍ പാളിച്ചകളാണ് മുംബൈയെ കുരുക്കിലാക്കിയിരിക്കുന്നത്. തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളെ തന്നെ കൈവിട്ട ശേഷം അവര്‍ മറ്റ് ടീമുകള്‍ക്കായി തകര്‍ത്തടിക്കുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാന്‍ മാത്രമാണ് മുംബൈയ്ക്ക് സാധിക്കുന്നത്.
2015ലും ഇത്തരത്തില്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ തോറ്റ ശേഷമാണ് ചാമ്പ്യന്‍മാരായത് എന്ന് ആരാധകര്‍ ആശ്വസിക്കുമ്പോള്‍ മൂര്‍ച്ചയില്ലാത്ത ബൗളിംഗ് നിരയും അടിത്തറയിളകിയ ബാറ്റിംഗ് നിരയും ഉപയോഗിച്ച് മുംബൈയ്ക്ക് ഒരു തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നതും ചോദ്യമാണ്.