| Friday, 17th January 2025, 11:59 am

ബുംറയെ നേരിടേണ്ടി വന്നിട്ടില്ല എന്നതില്‍ നൂറ് സന്തോഷം, അലന്‍ ഡൊണാള്‍ഡിനേക്കാളും ഭീകരന്‍; പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ ആതര്‍ട്ടണ്‍. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ആതര്‍ട്ടണ്‍ ബുംറയെ പ്രശംസിച്ചത്.

തന്റെ കാലത്ത് പന്തെറിയാന്‍ ബുംറ ഉണ്ടായിരുന്നില്ല എന്നതില്‍ താന്‍ ഏറെ സന്തോഷവാനാണ് എന്നായിരുന്നു ആതര്‍ട്ടണ്‍ പറഞ്ഞത്. സ്‌കൈ ക്രിക്കറ്റില്‍ നാസര്‍ ഹുസൈനൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈക്കല്‍ ആതര്‍ട്ടണ്‍

‘അവന്‍ (ജസ്പ്രീത് ബുംറ) എന്റെ കാലത്തായിരുന്നില്ല എന്നതില്‍ ഒരുപാട് സന്തോഷം. ഒരു ദുസ്വപ്‌നം പോലെയാണ് അവന്‍ കാണപ്പെടുന്നത്. അസാധാരണമായ ബൗളിങ് ആക്ഷനുള്ള ബൗളര്‍മാര്‍ക്കെതിരെ കളിക്കുക പ്രയാസമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്,’ ആതര്‍ട്ടണ്‍ പറഞ്ഞു.

‘അലന്‍ ഡൊണാള്‍ഡിനെയും ബ്രെറ്റ് ലീയെയും പോലെ ഞാന്‍ നേരിട്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മനോഹരമായ ബൗളിങ് ആക്ഷനുണ്ടായിരുന്നു. അവരുടെ പന്ത് അസാധാരണമാം വിധം വേഗതയുള്ളതാണെങ്കിലും നിങ്ങള്‍ക്ക് പന്ത് വ്യക്തമായി കാണാന്‍ സാധിക്കും. ഇതിനനുസരിച്ച് നിങ്ങളുടെ മൂവ്‌മെന്റും റിഥവും അഡ്ജസ്റ്റ് ചെയ്യാനും നിങ്ങള്‍ക്ക് സാധിക്കും.

എന്നാല്‍ ബുംറയെ നേരിടുക എന്നത് ഏറെ ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ക്കറിയാമല്ലോ, ഇപ്പോഴുള്ള ഭൂരിഭാഗം ബാറ്റര്‍മാര്‍ക്കും ട്രിഗര്‍ മൂവ്‌മെന്റുകള്‍ ഉണ്ടായിരിക്കും, അതായത് പന്തെറിയും മുമ്പ് അവര്‍ നടത്തുന്ന മൂവ്‌മെന്റുകള്‍.

എന്നാല്‍ ബുംറയ്‌ക്കെതിരെ എങ്ങനെ ഇത്തരം ട്രിഗര്‍ മൂവ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും? കാരണം അവന്റെ റണ്‍ അപ് തന്നെ വ്യത്യസ്തമാണ്, പെട്ടെന്ന് തന്നെ അവന്റെ കയ്യില്‍ നിന്നും ഒരു ഇടിമിന്നല്‍ തൊടുക്കപ്പെടുന്നു.

കൈമുട്ടിന്റെ ഹൈപ്പര്‍ എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ബാറ്ററിന് കുറച്ചുകൂടി അടുത്തായാണ് അവന്‍ പന്ത് റിലീസ് ചെയ്യുന്നത്. ഇക്കാരണം കൊണ്ടുതന്നെ അവനെ നേരിടുക വളരെ ബുദ്ധിമുട്ടാണ്,’ ആതര്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്തായും ബുംറ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെയും സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഡെയ്ന്‍ പാറ്റേഴ്‌സണെയും പിന്തള്ളിയാണ് ബുംറ ഡിസംബറിലെ താരമായത്.

ഡിസംബറില്‍ നടന്ന മൂന്ന് മത്സരത്തില്‍ നിന്നും 14.22 എന്ന മികച്ച ശരാശരിയില്‍ 22 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. പരമ്പരയില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ കെടാതെ കാത്തതും ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം സൃഷ്ടിച്ചതും ബുംറ മാത്രമായിരുന്നു.

അതേസമയം, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിനിടെ പരിക്കിന്റെ പിടിയിലകപ്പെട്ട ബുംറ നിലവില്‍ ചികിത്സയിലാണ്. നിര്‍ണായക മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് നേടിയ താരം പരിക്കിന് പിന്നാലെ മത്സരത്തിനിടെ കളം വിടുകയും വൈദ്യസഹായം തേടുകയും ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സില്‍ താരം പന്തെറിഞ്ഞുമില്ല.

ഇതോടെ ഡോക്ടര്‍മാര്‍ താരത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. മാത്രമല്ല പരിക്കിന് പിന്നാലെ ഇന്ത്യ – ഇംഗ്ലണ്ട് വൈറ്റ് ബോള്‍ പരമ്പരകളും ബുംറയ്ക്ക് നഷ്ടമാകും. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന വൈറ്റ് ബോള്‍ മത്സരങ്ങളാണിത്.

ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള തിരിച്ചുവരവിന് ബുംറയ്ക്ക് വിശ്രമം ആവശ്യമാണ്.

ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുമ്പ് താരം പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Former England captain Michael Atherton praises Jasprit Bumrah

We use cookies to give you the best possible experience. Learn more