തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ അധികാര ദുര്‍വിനിയോഗം നടന്നുവെന്ന ചെയര്‍മാന്‍ ബി. അശോകന്റെ ആരോപണത്തിനെതിരെ മുന്‍ വൈദ്യുത മന്ത്രി എം.എം. മണി എം.എല്‍.എ.
ഇടതുയൂണിയനുകളുടെ നേതൃത്വത്തില്‍ വ്യാപകമായി അഴിമതിയും അധികാര ദുര്‍വിനിയോഗവും നടന്നിട്ടുണ്ടെന്നായിരുന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി. അശോകന്‍ പറഞ്ഞത്.
മന്ത്രി പറയേണ്ട കാര്യം ചെയര്‍മാനെക്കൊണ്ട് പറയിപ്പിച്ചതാണോ എന്ന് അറിയില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യം പറയുകയെന്നും അദ്ദേഹം ചോദിച്ചു.
‘ചെയര്‍മാന്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് എന്നറിയില്ല. മന്ത്രി അറിഞ്ഞാണോ, മന്ത്രി പറയേണ്ടത് ചെയര്‍മാനെ കൊണ്ട് പറയിപ്പിച്ചതാണോ എന്നൊന്നും അറിയില്ല. നാനാവശങ്ങളെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ആലോചിച്ച് കൂടുതല്‍ പ്രതികരിക്കും.
നാലര വര്‍ഷം ഞാന്‍ മന്ത്രിയായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ സുവര്‍ണകാലമായിരുന്നുവെന്ന് നാട്ടില്‍ റഫറണ്ടം നടത്തിയാല്‍ ആളുകള്‍ പറയും. ഇപ്പോള്‍ അശോകന്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രതികരിക്കും,’ എം.എം. മണി പറഞ്ഞു.
തന്റെ ഭരണകാലത്ത് വൈദ്യുതി ബോര്‍ഡ് മികച്ച നേട്ടമുണ്ടാക്കിയെന്നും ഇപ്പോള്‍ പൊലീസ് സംരക്ഷണം വേണ്ട സ്ഥിതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സര്‍ക്കാര്‍ എല്‍.ഡി.എഫിന്റേതാണ്. അശോകന്റേത് അല്ലല്ലോ. കൃഷ്ണന്‍കുട്ടി എല്‍.ഡി.എഫിന്റെ മന്ത്രിയല്ലേ? അതുകൊണ്ട് കാര്യങ്ങളൊക്കെ ആലോചിച്ച് പറയണം. എനിക്ക് പറയാനുള്ളതൊക്കെ ആലോചിച്ച് ഞാന്‍ പറയും.
ചെയര്‍മാന്‍ എന്ന നിലയില്‍ അശോകന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നിര്‍വഹിക്കട്ടെ. ഇപ്പോള്‍ കാര്യക്ഷമമായിട്ടല്ല. കറന്റ് പോയാല്‍ ആളില്ലല്ലോ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരിക്കല്‍ പോലും വൈദ്യുതി ബോര്‍ഡിന് പൊലീസിന്റെ സംരക്ഷണം വേണ്ടി വന്നിട്ടില്ല. അപ്പോള്‍ കാര്യങ്ങള്‍ അതുവരെ എത്തിയല്ലോ.’ എം.എം. മണി പരിഹസിച്ചു.
കെ.എസ്.ഇ.ബി ചെയര്‍മാനും സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിലുള്ള സമരസമിതിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ള വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
ചെയര്‍മാനായ ബി. അശോകന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അതുവഴി കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് യൂണിയന്‍ ആരോപിക്കുന്നത്. ബി. അശോകന്‍ അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും സമരസമിതി അറിയിച്ചു.
ഇതിന് പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചെയര്‍മാനും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കി വെക്കുന്ന തീരുമാനത്തിന് ഇടതുയൂണിയനുകള്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ചെയര്‍മാന്റെ പ്രധാന ആരോപണം.
മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കി, ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി, ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതിച്ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയര്‍ക്കുമേല്‍ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി, സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് അശോകന്‍ ഉന്നയിക്കുന്നത്.
ഇടതു യൂണിയനുകളും ചെയര്‍മാനും ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വകുപ്പ് മന്ത്രിയുടെയും സര്‍ക്കാരിന്റെയും ഇടപെടല്‍ നിര്‍ണായകമാവുമെന്നുറപ്പാണ്.
Content Highlight: Former Electricity Minister MM Mani against KSEB Chairman M Ashokan