| Saturday, 14th October 2017, 5:49 pm

'മോദി സന്ദര്‍ശിക്കാനുള്ളത് കൊണ്ടാണോ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തത്..?'; വോട്ടെടുപ്പ് തിയതി പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്തില്‍ വോട്ടെടുപ്പ് തിയതി പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി. ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷവും ഗുജറാത്തിലെ തീയതി പുറത്തുവിടാത്തത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് തിയതി വെളിപ്പെടുത്താത്തതെന്നും അദ്ദേഹം ആരോപിച്ചു. ഒരുമിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വികാരത്തിനെതിരാണ് കമ്മീഷന്റെ തീരുമാനമെന്നും ഖുറേഷി പറഞ്ഞു. തിയതി പ്രഖ്യാപിക്കാത്തതിന്റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Also Read: ശ്രീരാമന്‍ ജീവിച്ചിരുന്നുവെന്ന് നാസ വരെ സ്ഥിരീകരിച്ചതാണ്; സേതുബന്ധനം അതിന്റെ തെളിവ്: പുതിയ തള്ളുമായി യോഗി ആദിത്യനാഥ്


സാധാരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇക്കാര്യം ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍, ഇത്തവണ അതുണ്ടായിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച വിവരങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കേണ്ടത്. എന്നാല്‍, തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പോ, ശേഷമോ ഇത്തരം നടപടികള്‍ ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഖുറേഷി അറിയിച്ചു.


Also Read: അമേരിക്കയില്‍ കാണാതായ മലയാളി ദമ്പതികളുടെ കുട്ടിയെ ബീഹാറില്‍ നിന്ന് ദത്തെടുത്തത്


ഇരു സംസ്ഥാനങ്ങളിലും നിലവിലെ മന്ത്രിസഭയുടെ കാലാവധി ജനുവരിയില്‍ അവസാനിക്കും. നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടക്കുന്ന തെരഞ്ഞെടുപ്പായതിനാലും പ്രധാനമന്ത്രിയുടെ നാട്ടിലെ തെരഞ്ഞെടുപ്പായതിനാലും അതീവ രാഷ്ട്രീയ പ്രാധാന്യമാണ് ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പിനുള്ളത്.

We use cookies to give you the best possible experience. Learn more