| Thursday, 29th March 2018, 2:58 pm

ഈജിപ്ത് മുഹമ്മദ് മുര്‍സിയെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് ബ്രിട്ടീഷ് എം.പിമാരടങ്ങുന്ന സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റൊ: അന്താരാഷ്ട്ര ജയില്‍ നിയമങ്ങള്‍ പോലും പാലിക്കാതെ ഈജിപ്ത് സര്‍ക്കാര്‍ തടങ്കലിലാക്കിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ജയിലില്‍ മരണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് എം.പിമാരും അഭിഭാഷകരുമടങ്ങുന്ന സമിതി. ബുധനാഴ്ച പുറത്തുവിട്ട ഡിറ്റന്‍ഷന്‍ റിവ്യു പാനല്‍ (ഡി.ആര്‍.പി) റിപ്പോര്‍ട്ടിലാണ് ചികിത്സയടക്കം മുര്‍സിക്ക് നിഷേധിച്ചിരിക്കുകയാണെന്ന് സമിതി പറയുന്നു.

ഈജിപ്തിലെ തോറ ജയിലില്‍ മൂന്നു വര്‍ഷമായി ഏകാന്ത തടവ് അനുഭവിക്കുന്ന മുര്‍സിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കുടുംബാംഗങ്ങളില്‍ നിന്നും ആരോഗ്യ വിദഗ്ദ്ധരില്‍ നിന്നുമാണ് സമിതി വിവരം ശേഖരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എം.പിയായ ക്രിസ്പിന്‍ ബ്ലണ്ടിന്റെ നേതൃത്വത്തിലാണ് സമിതി.

ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. മുര്‍സിയെ കാണാന്‍ ഭരണകൂടം അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌കോര്‍പിയണ്‍ പ്രിസണ്‍ എന്നറിയപ്പെടുന്ന തോറയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുര്‍സിക്ക് മൂന്നു വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് കുടുംബത്തെ കാണാന്‍ സാധിച്ചത്. അകത്ത് കടന്നാല്‍ മൃതശരീരമായല്ലാതെ പുറത്തേക്ക് കടക്കാന്‍ കഴിയാത്ത വിധമാണ് ജയിലിന്റെ പ്രത്യേകതയായി വാര്‍ഡന്‍മാരിലൊരാളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്.

ഒരു സ്‌റ്റെതസ്‌കോപ്പും ബ്ലഡ് പ്രഷര്‍ മോണിറ്ററും ഉപയോഗിച്ച് ആറു മാസം മുമ്പാണ് അവസാനമായി മുര്‍സിയെ മെഡിക്കല്‍ പരിശോധനയ്ക്ക വിധേയമാക്കിയതെന്ന് മകന്‍ അബ്ദുല്ല മുര്‍സി പാനലിനോട് പറയുന്നു.

ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് മുഹമ്മദ് മുര്‍സി. തെരഞ്ഞെടുപ്പില്‍ എതിരാളിയായ അഹമ്മദ് ഷഫീഖിനെതിരെ 51 ശതമാനം വോട്ടുകള്‍ നേടിയാണ് അധികാരത്തിലെത്തിയിരുന്നത്. എന്നാല്‍ 2013ല്‍ സ്ഥാനഭ്രഷ്ടനായ ശേഷം വിവിധ കേസുകളില്‍ വിചാരണ നേരിട്ടിരുന്നു.

പുതിയ ഭരണകൂടം അധികാരമേറ്റതിന് ശേഷം ഈജിപ്ത് ജയിലുകളില്‍ രാഷ്ടട്രീയ തടവുകാരായി 60,000ത്തിലധികം പേരാണ് കഴിയുന്നത്.

We use cookies to give you the best possible experience. Learn more