കെയ്‌റോ: അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി (67) കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡ് (ഇഖ്‌വാനുല്‍ മുസ്‌ലിമിന്‍) നേതാവായിരുന്ന മുര്‍സി പട്ടാള ഭരണകൂടത്തിന്റെ തടവിലായിരുന്നു.
ഈജിപ്തിന്റെ ആധുനിക ചരിത്രത്തിലാദ്യമായി 2012-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനാധിപത്യരീതിയില്‍ അധികാരത്തിലെത്തിയ ആദ്യ ഭരണാധികാരിയാണ് മുര്‍സി. മുല്ലപ്പൂ വിപ്ലവാനന്തരം പശ്ചിമേഷ്യയില്‍ അധികാരത്തിലെത്തിയ ജനാധിപത്യ സര്‍ക്കാരുകളിലൊന്നിന്റെ ആദ്യത്തെ അമരക്കാരനും അദ്ദേഹം തന്നെയാണ്. എന്നാല്‍ അധികകാലം ആ പദവിയില്‍ തുടരാന്‍ അദ്ദേഹത്തിനായില്ല.
അധികാരത്തിലേറി അധികകാലം കഴിയും മുമ്പ്, മുര്‍സിക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം നടന്നു. മുര്‍സി വിരുദ്ധര്‍ കെയ്‌റോയിലെ തെരുവുകളില്‍ നടത്തിയ വന്‍ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് 2013 ജൂലൈ 4-ന് അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കി സൈന്യം അധികാരം കയ്യടക്കിയത്. ഇതിനു പിന്നാലെ നിരവധി കേസുകളില്‍ മുര്‍സി പ്രതിയാവുകയായിരുന്നു. പലതിലും ഇതോടകം ശിക്ഷിക്കപ്പെട്ടുകഴിഞ്ഞു. 2012-ല്‍ ജനാധിപത്യ വിശ്വാസികളായ പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നതുള്‍പ്പടെ പല കേസുകളിലായി ജീവപര്യന്തം തടവില്‍ക്കഴിയുകയായിരുന്നു അദ്ദേഹം.
1951 ഓഗസ്റ്റ് 20-ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുര്‍സിയുടെ ജനനം. കെയ്‌റോ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുര്‍സി 1982-ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവര്‍ഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1985-ല്‍ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുര്‍സി ബ്രദര്‍ഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തില്‍ സജീവമാകുന്നതും.
2000-2005 കാലത്ത് ബ്രദര്‍ഹുഡിന്റെ പിന്തുണയോടെ പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ച മുര്‍സി ഇക്കാലയളവിനുള്ളില്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2011-ല്‍ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി രൂപവത്കരിക്കുന്നതുവരെ ബ്രദര്‍ഹുഡിന്റെ നേതൃസ്ഥാനത്തായിരുന്നു മുര്‍സി. വര്‍ഷങ്ങള്‍ നീണ്ട സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ച ജനമുന്നേറ്റത്തിന്റെ മുന്നില്‍നിന്ന ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റും മുര്‍സിയാണ്.