ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെ കുറിച്ച് പറയുകയാണ് നെതര്‍ലന്‍ഡ്സ് ഇതിഹാസ താരം മാര്‍ക്കോ വാന്‍ ബാസ്റ്റണ്‍. പെലെ, ഡീഗോ മറഡോണ, യൊഹാന്‍ ക്രൈഫ് എന്നിവരെയാണ് എക്കാലത്തെയും മികച്ച താരങ്ങള്‍ എന്ന് ബാസ്റ്റണ്‍ വിശേഷിപ്പിച്ചത്.
ഫ്രാന്‍സ് ഫുട്ബോളിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ ടോപ് ത്രീയില്‍ എന്തുകൊണ്ട് മെസിക്ക് ഇടം നേടാന്‍ സാധിക്കാതെ പോയെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്നെ സംബന്ധിച്ച് പെലെ, മറഡോണ, യോഹാന്‍ ക്രൈഫ് എന്നിവരാണ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങള്‍. കുട്ടിയായിരുന്നപ്പോള്‍ ക്രൈഫിനെ പോലെയാകണമെന്നായിരുന്നു ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. അദ്ദേഹം എന്റെ സുഹൃത്തായിരുന്നു, ഞാന്‍ അദ്ദേഹത്തെ വളരെയധികം മിസ് ചെയ്യുന്നുണ്ട്.
പെലെയും മറഡോണയും അതുപോലെത്തന്നെ അസാമാന്യ കഴിവുള്ള പ്രതിഭകളായിരുന്നു. ലയണല്‍ മെസിയും മികച്ച ഫുട്‌ബോളര്‍ തന്നെയാണ്. എന്നാല്‍ മറഡോണക്ക് ടീമില്‍ കൂടുതല്‍ വ്യക്തിത്വമുണ്ട്. ഒരു മത്സരത്തിനിറങ്ങുമ്പോള്‍ മുന്നിട്ടിറങ്ങുന്ന കളിക്കാരനല്ല മെസി,’ ബാസ്റ്റണ്‍ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പ്ലാറ്റിനി, സിനദിന്‍ സിദാന്‍ എന്നിവരും ഫുട്ബോളിലെ മികച്ച താരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
80കളില്‍ ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളില്‍ ഒരാളായി പേരെടുക്കാന്‍ വാന്‍ ബാസ്റ്റണ് സാധിച്ചിരുന്നു. കരിയറില്‍ ആകെ കളിച്ച 379 മത്സരങ്ങളില്‍ നിന്ന് 283 ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്ന് യൂറോപ്യന്‍ കപ്പുകള്‍ ഉള്‍പ്പെടെ 17 പ്രധാന ട്രോഫികളും അദ്ദേഹം നേടിയിട്ടുണ്ട്.
കണങ്കാലിനേറ്റ ഗുരുതര പരിക്കിനെത്തുടര്‍ന്ന് തന്റെ 28ാം വയസില്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.
ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ തെരഞ്ഞെടുത്ത മികച്ച താരങ്ങളുടെ പട്ടികയില്‍ വാന്‍ ബാസ്റ്റണും ഇടം പിടിച്ചിരുന്നു. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച എട്ട് താരങ്ങളുടെ പട്ടികയിലാണ് ആര്‍-9 മിലാന്‍ ലെജന്‍ഡിനെയും ഉള്‍പ്പെടുത്തിയത്.
ഒരു സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ജന്റൈന്‍ ഇതിഹാസങ്ങളായ ഡീഗോ മറഡോണ, ലയണല്‍ മെസി, ഡച്ച് ലെജന്‍ഡുകളായ യൊഹാന്‍ ക്രൈഫ്, മാര്‍ക്കോ വാന്‍ ബാസ്റ്റണ്‍, ജര്‍മന്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ലോക ഫുട്ബോളിന് ബ്രസീല്‍ നല്‍കിയ ഏറ്റവും മികച്ച സമ്മാനമായ ഇതിഹാസ താരം പെലെ, സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ എന്നിവരാണ് റൊണാള്‍ഡോയുടെ പട്ടികയിലെ ആദ്യ ഏഴ് താരങ്ങള്‍.
എട്ടാമന്‍ താന്‍ തന്നെയാണെന്നും വ്യത്യസ്ത കാലഘട്ടത്തില്‍ കളിച്ച താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ചൊരു താരത്തെ കണ്ടെത്താന്‍ കഴിയില്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
Content Highlight: Former Dutch superstar Marco Van Basten about best footballer in the world