വാഷിംഗ്ടണ്‍: ജോലി ചെയ്തതിന് ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരാതിയുമായി മുന്‍ ഡ്രൈവര്‍ രംഗത്ത്.
അധികസമയം ജോലി ചെയ്തതിന് പ്രതിഫലം നല്‍കിയില്ല എന്നാണ് ഡ്രൈവറുടെ ആരോപണം. ന്യൂയോര്‍ക്ക് സ്വദേശിയായ നോയല്‍ സിന്‍ട്രോണ്‍ എന്നയാളാണ് ആരോപണമുന്നയിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Read: ‘മെയ്’ ഗവണ്‍മെന്റില്‍ നിന്നും 24 മണിക്കൂറില്‍ രാജി വെച്ചത് മൂന്ന് മന്ത്രിമാര്‍
20 വര്‍ഷത്തിലേറെയായി താന്‍ ട്രംപിന്റെ സ്വകാര്യ ഡ്രൈവറായിരുന്നു എന്നും അധികസമയം ജോലിചെയ്ത ആയിരക്കണക്കിന് മണിക്കൂറുകളുടെ പ്രതിഫലം ട്രംപ് ഓര്‍ഗനൈസേഷന്‍ നല്‍കാനുണ്ടെന്നും സിന്‍ട്രോണ്‍ ആരോപിക്കുന്നു.
മാന്‍ഹട്ടനിലെ ന്യുയോര്‍ക്ക് സുപ്രീം കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പരാതിയില്‍ ട്രംപിന്റെ പേര് എതിര്‍കക്ഷിയായി ചേര്‍ത്തിട്ടില്ല.
കഴിഞ്ഞ ആറുവര്‍ഷത്തിനിടെ അധികസമയം ജോലിചെയ്ത 3300 മണിക്കൂറുകളുടെ പ്രതിഫലം കിട്ടാനുണ്ടെന്നാണ് സിന്‍ട്രോണിന്റെ വാദം. 12 വര്‍ഷത്തിനിടെ ശമ്പളവര്‍ധനവ് ഉണ്ടായിട്ടില്ലെന്നും സിന്‍ട്രോണ്‍ ആരോപിച്ചു.
2016ല്‍ ട്രംപിന്റെ യാത്രാകാര്യങ്ങള്‍ സീക്രട്ട് സര്‍വീസ് ഏറ്റെടുത്തതോടെ അദ്ദേഹത്തിന്റെ സുരക്ഷാജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ടെന്നും സിന്‍ട്രോണ്‍ പറഞ്ഞു.
സിന്‍ട്രോണ്‍ തങ്ങളുടെ ജീവനക്കാരനായിരുന്നുവെന്ന് ട്രംപ് ഓര്‍ഗനൈസേഷന്‍ സമ്മതിച്ചിട്ടുണ്ട്. സിന്‍ട്രോണിന് ഉദാരമായി ശമ്പളവര്‍ധന നല്‍കിയിട്ടുണ്ടെന്നും വിഷയം കോടതിയിലെത്തിയാല്‍ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ഓര്‍ഗനൈസേഷന്‍ പറഞ്ഞു.