തിരുവനന്തപുരം: ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ ടി. ആസിഫ് അലി.
ഇന്ത്യന്‍ പീനല്‍ കോഡ് ഒരു തവണ വായിച്ച് നോക്കിയ, സാമാന്യ ബുദ്ധിയുള്ള പൊലീസുകാരന്‍ കീറിക്കളയുന്ന പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്നതെന്താണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ആസിഫ് അലി പറഞ്ഞു.
കേസില്‍ പ്രതിസ്ഥാനത്തുള്ള മാധ്യമപ്രവര്‍ത്തകന്‍ പി.ജി സുരേഷ് കുമാര്‍ ചെയ്ത തെറ്റ് എന്താണെന്നും ആസിഫ് അലി ചോദിച്ചു.
ജനുവരി 16ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്തസമ്മേളനത്തിനിടെ തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പ്രതികള്‍ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സെന്‍കുമാറിന്റെ പരാതി. തിരുവനന്തപുരം സി.ജെ.എം കോടതിയുടെ അനുമതിയോടെയാണ് കേസ്.
വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദ് നേരത്തെ നല്‍കിയ പരാതിയില്‍ ടി.പി സെന്‍കുമാര്‍, സുഭാഷ് വാസു എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് ശേഷമാണ് ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.