ന്യൂദല്‍ഹി: സ്വകാര്യ ആശുപത്രിയില്‍ മണിക്കൂറുകള്‍ ചികിത്സയ്ക്കായി കാത്തു നിന്ന് ഇന്ത്യയുടെ മുന്‍ സ്ഥാനപതി മരിച്ചു. അശോക് അമ്രോഹിയാണ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച മരിച്ചത്.
ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ കിടക്ക ലഭിക്കുന്നതിനായി അഞ്ചു മണിക്കൂറോളമാണ് ഇദ്ദേഹം കാത്തിരുന്നത്. കൊവിഡ് ബാധിതനായിരുന്നു അശോക് അമ്രോഹി.
നീണ്ട മണിക്കൂര്‍ കാത്തിരിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. കഴിഞ്ഞയാഴ്ചയാണ് അശോക് അമ്രോഹിക്ക് കൊവിഡ് ബാധിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ഭാര്യ യാമിനി പറയുന്നു.
‘മേദാന്ത ആശുപത്രിയില്‍ രാത്രി എട്ടുമണിയോടെ കിടക്ക ഒഴിവുണ്ടാകുമെന്നാണ് ഞങ്ങളെ അറിയിച്ചത്. കിടക്കയുടെ നമ്പര്‍ വരെ ലഭിച്ചതാണ്. 7.30 തൊട്ട് ഞങ്ങള്‍ അവിടെയുണ്ട്. അവിടെയെത്തിയപ്പോള്‍ കൊവിഡ് ടെസ്റ്റ് എടുക്കണമെന്നാണ് ആദ്യം പറഞ്ഞത്. അതിനായി ഒന്നര മണിക്കൂറിലേറെ കാത്തിരുന്നു,’യാമിനി പറഞ്ഞു.
കൊവിഡ് ടെസ്റ്റിന് ശേഷം അദ്ദേഹത്തെ പരിശോധിക്കാനായി പല തവണ ആശുപത്രി അധികൃതരോട് കരഞ്ഞ് അപേക്ഷിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ അവഗണിക്കുകയായിരുന്നു. അഡ്മിഷന്‍ നടപടികള്‍ക്ക് ശേഷം മാത്രമേ അശോകിനെ പരിചരിക്കൂ എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും യാമിനി പറഞ്ഞു. ഇടയ്ക്ക് ആരോ അമ്രോഹിക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച് നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രൂണേയ്, മോസാംബിംക്, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയി പ്രവര്‍ത്തിച്ചയാളാണ് അശോക് അമ്രോഹി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക