| Tuesday, 10th May 2022, 3:06 pm

ഫിലിപ്പീന്‍സ് വീണ്ടും ഏകാധിപത്യത്തിലേക്കോ; 36 വര്‍ഷങ്ങള്‍ക്കിപ്പുറം അധികാരം തിരിച്ചുപിടിച്ച് മാര്‍ക്കോസ് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനില: അന്തരിച്ച ഏകാധിപതി ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ മകന്‍ മാര്‍ക്കോസ് ജൂനിയര്‍ ഫിലിപ്പീന്‍സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാര്‍കോസിന്റെ കുടുംബത്തിന്റെ കരങ്ങളിലേക്ക് അധികാരമെത്തുന്നത്. മാസാവസാനത്തോടെ ഔദ്യോഗിക ഫലം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ബോംഗ്‌ബോംഗ്’ എന്നറിയപ്പെടുന്ന മാര്‍ക്കോസ്, എതിരാളിയായ ലെനി റോബ്രെഡോയെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തുന്നത്. ഫിലിപ്പീന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വിജയം നേടുന്ന സമീപകാല ചരിത്രത്തിലെ ആദ്യത്തെ സ്ഥാനാര്‍ത്ഥി കൂടിയാണ് മാര്‍കോസ്.

1986ലെ ജന പ്രക്ഷോഭത്തിനിടെ മാര്‍ക്കോസ് കുടുംബത്തോടൊപ്പം ഹവായിയിലേക്ക് പലായനം ചെയ്തിരുന്നു. ഇതോടെയാണ് പിതാവിന്റെ 20 വര്‍ഷക്കാലം നീണ്ട സ്വേച്ഛാധിപത്യത്തിന് വിരാമമാകുന്നത്. പിന്നീട് 1991ല്‍ ഫിലിപ്പീന്‍സിലേക്ക് മടങ്ങിയതിനുശേഷം കോണ്‍ഗ്രസിലും സെനറ്റിലും സേവനമനുഷ്ഠിച്ചു.

തിങ്കളാഴ്ചയായിരുന്നു ഫിലീപ്പീന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 30 മില്യണിലധികം വോട്ടുകള്‍ മാര്‍കോസ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അനൗദ്യോഗിക കണക്കില്‍ എണ്ണിയ വോട്ടുകളില്‍ 96ശതമാനം വോട്ടുകളും മാര്‍കോസിന്റേതാണ്. എതിര്‍ സഥാനാര്‍ത്ഥിയായ
റോബ്രെഡോ നേടിയ വോട്ടുകളേക്കാള്‍ ഇരട്ടിയാണിത്.

മാര്‍ക്കോസ് ജൂനിയര്‍ ജയിച്ചാല്‍ അത് 1986ലെ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിലൂടെ നേടിയതെല്ലാം കളഞ്ഞുകുളിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
അഴിമതിയിലൂടെ മാര്‍ക്കോസ് കുടുംബം നേടിയ സ്വത്തുക്കള്‍ അന്നു സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. അവയെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നേക്കാമെന്നും ആരോപണമുണ്ട്. മുന്‍ പ്രവിശ്യാ ഗവര്‍ണറും സെനറ്ററുമാണ് 64കാരനായ മാര്‍കോസ് ജൂനിയര്‍.

1986ലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയാണ് 57കാരിയായ ലെനി റൊബ്രീഡോ. 2013 മുതല്‍ ജനപ്രതിനിധി സഭാംഗം കൂടിയായ റൊബ്രീഡോ 2016ല്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാര്‍ക്കോസ് ജൂനിയറെ തോല്‍പ്പിച്ചു.

Content Highlight: Former dictator’s son Marcos Jr wins Philippines presidential election

We use cookies to give you the best possible experience. Learn more