| Thursday, 24th September 2020, 12:40 pm

'ക്രിമിനലുകള്‍ക്ക് വരെ ആകാമെങ്കില്‍ എനിക്ക് എന്തുകൊണ്ട് ആയിക്കൂട?'; രാഷ്ട്രീയ പ്രവേശനം ശരിവെച്ച് ബീഹാര്‍ മുന്‍ ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജിവെച്ച ശേഷം രാഷ്ട്രീയത്തില്‍ ചേരുമെന്ന് സ്ഥിരീകരിച്ച് ബീഹാര്‍ മുന്‍ ഡി.ജി.പി ഗുപ്തേശ്വര്‍ പാണ്ഡേ. ഇന്ത്യടുഡേ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന കാര്യം ഗുപ്‌തേശ്വര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചൊവ്വാഴചയായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡേ രാജിവെച്ചത്. സുശാന്ത് സിംഗ് രജ്പുതിന്റെ കേസില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയ ഇദ്ദേഹം നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

താന്‍ രാഷ്ട്രീയത്തില്‍ ചേരുന്നതില്‍ എന്താണ് ഇത്രവലിയ പ്രശ്‌നമെന്നാണ് ഗുപ്‌തേശ്വര്‍ പാണ്ഡേ ചോദിച്ചത്. രാഷ്ട്രീയത്തില്‍ ചേരുന്നതില്‍ എന്താണ് അധാര്‍മികമായി ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

‘രാഷ്ട്രീയത്തില്‍ ചേരുന്നത് അത്രയ്ക്ക് പാപമാണോ? അതിലെന്താണ് അധാര്‍മികവും മര്യാദകേടുമായിട്ടുള്ളത്? കുറ്റവാളികള്‍ക്കൊക്കെ പാര്‍ലമെന്റില്‍ എത്താമെങ്കില്‍ എനിക്ക് എന്തുകൊണ്ട് അതിനെപ്പറ്റി ചിന്തിച്ചുകൂട?,’ അദ്ദേഹം പറഞ്ഞു.

ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ഏത് സ്ഥലത്ത് നിന്നും ഇപ്പോള്‍ മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഗുപ്‌തേശ്വര്‍ പാണ്ഡേയ്ക്ക് രാജ്യത്ത് ഏത് സ്ഥലത്ത് നിന്ന് വേണമെങ്കിലും ഇപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാം. രാഷ്ട്രീയത്തില്‍ ചേര്‍ന്നാല്‍ ഞാന്‍ ഒരു സിംഹത്തെ പോലെയായിരിക്കും പ്രവര്‍ത്തിക്കുക, ഒരു കള്ളനെ പോലെയല്ല,’ അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഗുപ്‌തേശ്വര്‍ പാണ്ഡേ വിരമിച്ചത്. ഇതിന് തൊട്ട് പിന്നാലെ ഗുപ്‌തേശ്വര്‍ പാണ്ഡേയെ പുകഴ്ത്തിക്കൊണ്ട് ഒരുപാട്ടും പുറത്തിറങ്ങിയിരുന്നു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് ഗുപ്തേശ്വര്‍ രാജിവെച്ചിരിക്കുന്നതെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആയായിരിക്കും ഇദ്ദേഹം മത്സരിക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former DGP Gupteshwar Pandey confirms that he is joining politics after retirement

We use cookies to give you the best possible experience. Learn more