തൊടുപുഴ: തനിക്കെതിരായ സി.പി.ഐ.എം അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍ ശരിയല്ലെന്ന് പാര്‍ട്ടി
നടപടി നേരിട്ട ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദേവികുളത്ത് ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ വെച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.ഐയിലേക്കോ ബി.ജെ.പിയിലേക്കോ താനില്ല. രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ നിര്‍ത്തുകയാണ്. ഇപ്പോള്‍ എട്ട് മാസമായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പെട്ടിമുടി ദുരന്തസമയത്ത് മുഴുവന്‍ സമയവും താന്‍ അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോള്‍ എത്താതിരുന്നത് മനപ്പൂര്‍വമല്ല. അന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും രാജേന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ എസ്. രാജേന്ദ്രനെ ഒരുവര്‍ഷത്തേക്കാണ് സി.പി.ഐ.എം സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജേന്ദ്രന്റെ സസ്‌പെന്‍ഷന്‍ സി.പി.ഐ.എം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ സീറ്റ് കിട്ടാതിരുന്ന രാജേന്ദ്രന്‍ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്നതിന് പുറമേ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി.
ജാതി പറഞ്ഞ് വോട്ട് ഭിന്നിപ്പിച്ചു. വ്യാജപ്രചാരണങ്ങള്‍ നടത്തി. മുഖ്യമന്ത്രി പെട്ടിമുടിയിലെത്തിയപ്പോള്‍ മനപ്പൂര്‍വം വിട്ടുനിന്നു, തുടങ്ങി ഗുരുതരമായ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ രാജേന്ദ്രന്‍ നടത്തിയെന്നാണ് സി.പി.ഐ.എം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത്.
CONTENT HIGHLIGHTS: Former Devikulam MLA S. Rajendran says findings of the CPIM commission of inquiry against him were incorrect