രാം വിലാസ് പാസ്വാന്റെ സീറ്റില്‍ സുശീല്‍ കുമാര്‍ മോദി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി
national news
രാം വിലാസ് പാസ്വാന്റെ സീറ്റില്‍ സുശീല്‍ കുമാര്‍ മോദി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th November 2020, 9:43 pm

പാട്‌ന: ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകും. നേരത്തെ പുതിയ ബീഹാര്‍ മന്ത്രിസഭയിലേക്കുള്ള ഓഫര്‍ സുശീല്‍ കുമാര്‍ മോദി നിരസിച്ചിരുന്നു.

എല്‍.ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പാസ്വാന്റെ മരണത്തോടെയാണ് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്.

ഒക്ടോബര്‍ എട്ടിനായിരുന്നു പാസ്വാന്റെ മരണം. ഡിസംബര്‍ 14 നാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്.

2018 ല്‍ രവിശങ്കര്‍ പ്രസാദായിരുന്നു ബീഹാറില്‍ നിന്ന് രാജ്യസഭയിലെത്തിയത്. എന്നാല്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ച രവിശങ്കര്‍ പ്രസാദിന് പകരമാണ് രാം വിലാസ് പാസ്വാന്‍ എം.പിയായത്.

243 അംഗ നിയമസഭയില്‍ എന്‍.ഡി.എയ്ക്ക് 125 അംഗങ്ങളാണുള്ളത്. മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്.

മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍.ജെ.ഡിയ്ക്ക് ലഭിച്ചത്.

കോണ്‍ഗ്രസിന് 19 സീറ്റും ലഭിച്ചു. ഇടത് പാര്‍ട്ടികളായ സി.പി.ഐ.എം.എല്‍ (12), സി.പി.ഐ.എം (2), സി.പി.ഐ (2) സീറ്റുകളില്‍ ജയിച്ചു.

ജെ.ഡി.യുവിന് 43 സീറ്റാണ് ലഭിച്ചിരുന്നത്. 74 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.

എന്‍.ഡി.എയിലെ മറ്റ് കക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് വീതം സീറ്റുകളില്‍ വിജയിച്ചു.

എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു. ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പിയ്ക്കും ഒരു സ്വതന്ത്രനുമാണ് ശേഷിച്ച സീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former Deputy CM Sushil Modi Named as BJP Candidate for Rajya Sabha By-election in Bihar