ബെംഗളൂരു: കര്‍ണാടകയില്‍ ഹിന്ദുത്വവാദികള്‍ തുടങ്ങിവെച്ച ഹലാല്‍ ഉല്‍പന്നവിരുദ്ധ ക്യാമ്പെയിനെ പിന്തുണച്ച് മുന്‍ ഉപ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ഈശ്വരപ്പ. ഹലാല്‍ പ്രശ്‌നം ഗൗരവമേറിയതാണെന്നും ഒരു സമുദായത്തിനെതിരെ ഹലാല്‍ അടിച്ചേല്‍പ്പിക്കാന്‍ നീക്കം നടക്കുന്നുവെന്നും ഈശ്വരപ്പ പറഞ്ഞു.
ഹലാല്‍ നിരോധിച്ചില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്നും ഈശ്വരപ്പ പറഞ്ഞു. ഹലാല്‍ ഉല്‍പന്ന വിരുദ്ധ ക്യാമ്പെയിനുമായാണ് ശ്രീരാമസേന, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഹലാല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമസേന ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തങ്ങളെ പിന്തുണയുള്ള സംഘപരിവാര്‍ സംഘടനകളുടെ കത്തുകള്‍ കോടതിയില്‍ ഹാജരാക്കാനാണ് ശ്രീരാമസേന തീരുമാനിച്ചിരിക്കുന്നത്.
ഹലാല്‍ നിരോധനം ആവശ്യപ്പെട്ട് ശ്രീരാമസേന കര്‍ണാടക സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ‘ഹലാല്‍ ഫ്രീ ദീപാവലി’ പോസ്റ്ററുകളും സംഘടന വിവിധയിടങ്ങളില്‍ പതിച്ചിട്ടുണ്ട്.
ഹലാല്‍ ഇക്കോണാമി തന്നെ രാജ്യത്ത് ഉയര്‍ന്നവരുന്നുണ്ടെന്നും ഹലാല്‍ മാംസം എന്നത് ഹലാല്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഹലാല്‍ ടൂറിസം, ഹലാല്‍ ഹോട്ടലുകള്‍ എന്നിങ്ങനെയിലേക്ക് വഴിമാറുന്നു എന്നുമാണ് ശ്രീരാമസേന ആരോപിക്കുന്നത്.
ഹലാല്‍ വിരുദ്ധ ക്യാമ്പെയിനുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ‘ഹലാല്‍ മാംസം’ വില്‍ക്കരുത് എന്ന ആഹ്വാനവുമായി ധര്‍ണയും നടത്തിയിരുന്നു. ഷിമോഗയിലെ കെ.എഫ്.സി, പിസ്സ ഹട്ട്, മക്ഡൊണാള്‍ഡസ് സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ഉഡുപ്പിയിലെ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലുകള്‍ക്ക് മുന്നിലും സംഘടനകള്‍ പ്രതിഷേധിച്ചു. ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സംസ്ഥാനത്ത് ‘ഹലാല്‍ ജിഹാദ്’ നടക്കുന്നുവെന്ന് ഹിന്ദുജന ജാഗ്രതി സമിതിയും ആരോപിക്കുന്നത്. കെ.എഫ്.സി, മമക്ഡൊണാള്‍ഡസ് കമ്പനികളുടെ മാനേജ്മെന്റിന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയതായും കര്‍ണാടകയിലെ മിക്ക ജില്ലകളിലും ക്യാമ്പെയിന്‍ ആരംഭിച്ചതായും ഹിന്ദു ജന ജാഗ്രതി സമിതി വക്താവ് മോഹന്‍ ഗൗഡ പറഞ്ഞു.
കര്‍ണാടകക്ക് പുറമെ ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഹലാല്‍ വിരുദ്ധ ക്യാമ്പെയിന്‍ നടത്തുമെന്നും, ശ്രീരാമസേനയും ക്യാമ്പെ്ന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും മോഹന്‍ ചൂണ്ടിക്കാട്ടി.
Content Highlights: Former Deputy CM K. S. Eshwarappa of Karnataka supports Hindutvaists in anti-Halal campaign