ന്യൂദല്‍ഹി: മദ്യനയ അഴിമതി ആരോപണ കേസില്‍ ജയിലിലായതിന് പിന്നാലെ തുറന്ന കത്തുമായി ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബി.ജെ.പി ജയിലിലടച്ച് തകര്‍ക്കാന്‍ ശ്രമിച്ചാലും തങ്ങള്‍ മുന്നോട്ടുവെക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് സിസോദിയ കത്തില്‍ പറഞ്ഞു. സ്വന്തം കൈപ്പടയില്‍ ജയിലില്‍ വെച്ച് എഴുതിയ കത്തിന്റെ പകര്‍പ്പ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പുറത്തുവിട്ടത്.
വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയവും ജയില്‍ രാഷ്ട്രീയവും എന്ന വിഷയത്തിലാണ് മനീഷ് സിസോദിയ കത്ത് എഴുതിയിരിക്കുന്നത്. ഭാവി വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയത്തിന്റേതാണെന്ന് സിസോദിയ പറഞ്ഞു.
‘ബി.ജെ.പി ആളുകളെ ജയിലിലടക്കുന്ന രാഷ്ട്രീയത്തെയാണ് പിന്തുടരുന്നത്. എന്നാല്‍
ഞങ്ങള്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന രാഷ്ട്രീയത്തെ പിന്തുടരുന്നു.
ജയിലിലേക്ക് ആളുകളെ അയക്കാന്‍ എളുപ്പമാണ്. കുട്ടികളെ പഠിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ജയിലില്‍ അയക്കുന്നതിലൂടെയല്ല, വിദ്യാഭ്യാസത്തിലൂടെയാണ് രാജ്യം പുരോഗമിക്കുക,’ സിസോദിയ കത്തില്‍ പറഞ്ഞു.
അതേസമയം, സി.ബി.ഐ അറസ്റ്റ് ചെയ്ത് റിമാന്‍ന്‍ഡില്‍ കഴിയുന്ന സിസോദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന് ആം ആദ്മി ആരോപണമുന്നയിച്ചിരുന്നു.
കൊടും കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന സെല്‍ നമ്പര്‍ ഒന്നിലാണ് സിസോദിയയെ പാര്‍പ്പിച്ചതെന്നും അദ്ദേഹത്തിന്റെ ജീവന്‍ അപായപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിച്ച് ആം ആദ്മി നേതാവ് സൗരവ് ഭരദ്വാജാണ് രംഗത്തെത്തിയത്.
Content Highlight: Former Delhi Deputy Chief Minister Manish Sisodia writes an open letter after being jailed in the liquor corruption case