ന്യൂദല്‍ഹി: അടുത്തിടെ ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച അരവിന്ദര്‍ സിങ് ലൗലി ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്.
ന്യൂദല്‍ഹി: അടുത്തിടെ ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച അരവിന്ദര്‍ സിങ് ലൗലി ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്.
ഏപ്രില്‍ 28നായിരുന്നു ദല്‍ഹി പി.സി.സി അധ്യക്ഷ സ്ഥാനം അരവിന്ദര്‍ സിങ് ലൗലി രാജിവെച്ചത്. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
അധ്യക്ഷ സ്ഥാനം മാത്രമാണ് രാജിവെച്ചതെന്നും പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അരവിന്ദര്‍ സിങ് ലൗലി ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പൂരി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. 2017ലും ലൗലി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അന്ന് ഒമ്പത് മാസം ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. കോണ്‍ഗ്രസില്‍ തനിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2017ലും അദ്ദേഹം ബി.ജെ.പിയിലേക്ക് പോയത്.
സമാന രീതിയില്‍ ഇത്തവണയും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് അരവിന്ദര്‍ സിങ് ലൗലി പദവി രാജിവെച്ചത്. എ.എ.പിയുമായി സഖ്യമുണ്ടാക്കുന്നതും, ദല്‍ഹിയിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിലും ഉള്‍പ്പടെ ഒരു കാര്യത്തിലും പാര്‍ട്ടി തന്റെ അഭിപ്രായങ്ങള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പരാതികള്‍ ചെവികൊള്ളാന്‍ എ.ഐ.സി.സി തയ്യാറായില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു.
അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ അരവിന്ദര്‍ സിങ് ലൗലിയെ ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുമെന്നടക്കം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Content Highlight: Former Delhi Congress president Arvinder Singh Lovely has joined the BJP