സിദ്ദിഖ് കെ.എസ്.യു കാണുന്നതിന് മുന്‍പേ യോഗ്യരായ നിരവധി നേതാക്കള്‍ വയനാട്ടില്‍ ഉണ്ട്, ഇപ്പോഴും അവിടെയുണ്ട്; വയനാട്ടില്‍ സിദ്ദിഖ് വേണ്ടെന്ന് വ്യക്തമാക്കി ഡി.സി.സി മുന്‍ അധ്യക്ഷന്‍
Kerala News
സിദ്ദിഖ് കെ.എസ്.യു കാണുന്നതിന് മുന്‍പേ യോഗ്യരായ നിരവധി നേതാക്കള്‍ വയനാട്ടില്‍ ഉണ്ട്, ഇപ്പോഴും അവിടെയുണ്ട്; വയനാട്ടില്‍ സിദ്ദിഖ് വേണ്ടെന്ന് വ്യക്തമാക്കി ഡി.സി.സി മുന്‍ അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th March 2021, 10:23 pm

കല്‍പ്പറ്റ: ടി. സിദ്ദിഖിന് എതിരെ വയനാട് ഡി.സി.സി മുന്‍ അധ്യക്ഷന്‍ പി.വി ബാലചന്ദ്രന്‍ രംഗത്ത്. സിദ്ദിഖിനെ വയനാട്ടുകാര്‍ക്ക് അംഗീകരിക്കാനാകില്ലെന്നും വയനാട്ടുകാരെ അപമാനിക്കുന്ന തരത്തില്‍ സിദ്ദിഖ് ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബാലചന്ദ്രന്‍ ആരോപിച്ചു.

വയനാട്ടില്‍ അര്‍ഹരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്ന സിദ്ദിഖിന്റെ പരാമര്‍ശം വയനാട്ടിലെ കോണ്‍ഗ്രസിനെ അപമാനിക്കുന്ന തരത്തില്‍ ഉള്ളതാണെന്നും സിദ്ദിഖിനെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാകില്ലെന്നും ബാലചന്ദ്രന്‍ പറഞ്ഞു.

നിലമ്പൂരില്‍ പറ്റാത്തതിനാല്‍ വയനാട്ടിലേക്ക് പോകുന്നു എന്നും വയനാട്ടില്‍ ആരും അര്‍ഹതപ്പെട്ടവരില്ല എന്നുമുള്ള സിദ്ദിഖിന്റെ പരാമര്‍ശം തെറ്റാണ്. വയനാട്ടില്‍ അര്‍ഹതപ്പെട്ട നിരവധി നേതാക്കള്‍ ഉണ്ടെന്ന കാര്യം സിദ്ദിഖ് ഓര്‍ക്കണമായിരുന്നു. സിദ്ദിഖ് കെ.എസ്.യു കാണുന്നതിന് മുന്‍പേ യോഗ്യരായ നിരവധി നേതാക്കള്‍ വയനാട്ടില്‍ ഉണ്ട്. അവര്‍ ഇപ്പോഴും അവിടെയുണ്ട്. വയനാട് ഡി.സി.സിയോടുള്ള അവഹേളനമാണ് സിദ്ദിഖ് നടത്തിയതെന്നും ബാലചന്ദ്രന്‍ പറഞ്ഞു.

വയനാടിന് പുറത്തുള്ളവരെ അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യം ഡി.സി.സി പലതവണ കെ.പി.സി.സിയെ അറിയിച്ചതാണെന്നും ബാലചന്ദ്രന്‍ പറഞ്ഞു.

അതേസമയം, കല്‍പ്പറ്റയില്‍ അല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ തയ്യാറല്ല എന്നാണ് സിദ്ദിഖ് പറയുന്നത്. മുസ്ലിം സമുദായത്തില്‍പ്പെട്ട അംഗം എന്ന നിലയില്‍ സീറ്റ് നിഷേധിക്കപ്പെടുകയാണെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മാറികൊടുത്ത സാഹചര്യത്തില്‍ സിദ്ദിഖിനെ മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതൃത്വത്തില്‍ നിന്ന് ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Former DCC President against T. Siddique