ന്യൂദല്‍ഹി: ‘ക്യാപ്റ്റന്‍ കൂള്‍’ എന്നാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി വിശേഷിപ്പിക്കപ്പെടുന്നത്. ഏതു പ്രതിസന്ധികളിലും സമനില കൈവിടാതെ കളിക്കാനുള്ള ധോനിയുടെ കഴിവാണ് അത്തരമൊരു വിളിപ്പേര് വീഴാന്‍ കാരണം.
എന്നാല്‍ വ്യാഴാഴ്ച ധോനിക്ക് ആ വിശേഷണത്തോടു നീതി പുലര്‍ത്താനായില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായ ധോനി രാജസ്ഥാന്‍ റോയല്‍സിനെതിരേ ജയ്പുരില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ രോഷാകുലനായത് ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു.
സംഭവം ഇങ്ങനെയാണ്. അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 18 റണ്‍സ് വേണമായിരുന്നു. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ രണ്ടാംപന്തില്‍ ധോനി പുറത്തായി. നാലാംപന്തില്‍ ബാറ്റ് ചെയ്തിരുന്ന മിച്ചല്‍ സാന്റ്‌നര്‍ക്കെതിരേ സ്റ്റോക്‌സ് എറിഞ്ഞ പന്ത് അരയ്ക്കു മുകളില്‍ ഉയര്‍ന്നോ എന്ന സംശയത്തില്‍ അമ്പയര്‍ നോബോള്‍ വിളിച്ചു. എന്നാല്‍ ഉടന്‍തന്നെ ഫൈന്‍ ലെഗ് അമ്പയര്‍ ഇടപെട്ട് തീരുമാനം തിരുത്തിച്ചു. സാന്റ്‌നര്‍ പന്ത് നേരിടുമ്പോള്‍ ക്രീസിനു വെളിയിലായിരുന്നതാണു കാരണം.
എന്നാല്‍ അമ്പയര്‍ തീരുമാനം മാറ്റിയതില്‍ രോഷം പ്രകടിപ്പിച്ച ധോനി ഡഗ്ഗ് ഔട്ടില്‍ നിന്നിറങ്ങി അമ്പയറുടെ അടുത്തെത്തുകയും അദ്ദേഹത്തോടു ദേഷ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അമ്പയര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. മത്സരത്തില്‍ അവസാനപന്തില്‍ സാന്റ്‌നര്‍ നേടിയ സിക്‌സറില്‍ ചെന്നൈ ജയിച്ചിരുന്നു.
എന്നാല്‍ ധോനിയുടെ പെരുമാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി.
ധോനിയുടെ ഫാനാണ് താനെങ്കിലും ഇന്നലെ ധോനി അതിര് ലംഘിച്ചെന്നും ഒരു പിഴയോടു കൂടി ഇതവസാനിച്ചാല്‍ ഭാഗ്യമാണെന്നും മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു.
മത്സരത്തിന് ഇതു നല്ലതല്ലെന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോനിന്റെ അഭിപ്രായം.
ഐ.പി.എല്ലില്‍ അമ്പയര്‍മാരുടെ നിലവാരം പോരെന്ന് അഭിപ്രായപ്പെട്ട മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര, ഔട്ടായതിനുശേഷം എതിര്‍ ടീമിന്റെ ക്യാപ്റ്റന് പിച്ചിലേക്കു വരാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി. തെറ്റായ കീഴ്‌വഴക്കമാണു ധോനി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു ചെയ്തത് എന്ന കാര്യം ധോനി മനസ്സിലാക്കണമെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞു.