| Tuesday, 16th April 2019, 11:37 am

പന്തിനെ പുറത്താക്കിയത് വിക്കറ്റ് കീപ്പിങ്ങിലെ പോരായ്മയെന്ന് ചീഫ് സിലക്ടര്‍; അത്ഭുതം തോന്നുന്നുവെന്ന് ഗവാസ്‌ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്ത മാസം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് യുവതാരം ഋഷഭ് പന്തിനെ ഒഴിവാക്കിയത് വിക്കറ്റ് കീപ്പിങിലെ പോരായ്മ കൊണ്ടാണെന്ന് ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ്. ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ ഏറ്റവും ദീര്‍ഘമായ ചര്‍ച്ച നടന്നത് ഇതേ വിഷയത്തിലാണെന്നായിരുന്നെന്നും പ്രധാനപ്പെട്ടൊരു മല്‍സരത്തില്‍ വിക്കറ്റ് കീപ്പിങ്ങും വളരെ പ്രധാനപ്പെട്ടതാണെന്നും പ്രസാദ് പറഞ്ഞു.

‘പന്തിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സുദീര്‍ഘമായ ചര്‍ച്ചയാണ് നടന്നത്. ധോണിക്കു പരുക്കേറ്റാല്‍ മാത്രം പകരക്കാരായി ഋഷഭ് പന്തിനെയോ ദിനേഷ് കാര്‍ത്തിക്കിനെയോ കളിപ്പിച്ചാല്‍ മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പ്രധാനപ്പെട്ടൊരു മല്‍സരത്തില്‍ വിക്കറ്റ് കീപ്പിങ്ങും വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യം പരിഗണിച്ചാണ് പന്തിനു പകരം കാര്‍ത്തിക്കിന് അവസരം നല്‍കിയത്’ പ്രസാദ് വ്യക്തമാക്കി.

അതേസമയം പന്തിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നിരവധി താരങ്ങളും ക്രിക്കറ്റ് ആരാധകരും രംഗത്തെത്തിയിരുന്നു. പന്തിനെ ഒഴിവാക്കിയത് അത്ഭുതകരമായിത്തോന്നുന്നുവെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞത്.

അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെ മികച്ചതാണ്. വിക്കറ്റ് കീപ്പിംഗാകട്ടെ ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നു. പന്ത് ഇടം കൈയ്യനായതിനാല്‍ അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ടീമിന്റെ ബാറ്റിംഗില്‍ കൂടുതല്‍ വൈവിധ്യം കൊണ്ട് വരാനാകുമായിരുന്നു. ഇത് എതിര്‍ ടീമുകളെ ശരിക്കും വലച്ചേനേ. ‘ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more