| Wednesday, 21st February 2018, 10:59 am

ടീമിലിടം നേടാനായില്ല; മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തു

സ്പോര്‍ട്സ് ഡെസ്‌ക്

മുള്‍ട്ടാന്‍: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകന്‍ ടീമിലിടം നേടാനാകാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു. അമീര്‍ ഹാനിഫിന്റെ മകന്‍ മുഹമ്മദ് സരിയാബ് ആണ് ആത്മഹത്യ ചെയ്തത്.

കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സരിയാബ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.

തൊണ്ണൂറുകളില്‍ അഞ്ച് ഏകദിന മത്സരങ്ങളില്‍ പാക്കിസ്ഥാനുവേണ്ടി കളിച്ചിട്ടുള്ള അമീര്‍ ഹാനിഫിന്റെ മൂത്ത മകനായിരുന്നു മുഹമ്മദ് സരിയാബ്.

ഈ വര്‍ഷം ജനുവരിയില്‍ ലാഹോറില്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ കറാച്ചി ടീമിനായി കളിക്കാന്‍ സരിയാബ് എത്തിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ പരിക്കേറ്റ താരത്തോട് തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചു.

എന്നാല്‍ പരിക്ക് നിസാരമായതിനാല്‍ സരിയാബ് മടങ്ങാന്‍ തയ്യാറായില്ല. കളിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസവും പ്രകടിപ്പിച്ചു. എന്നാല്‍ പ്രായം 19 വയസ്സിന് മുകളിലായെന്ന കാരണം ചൂണ്ടിക്കാട്ടി സരിയാബിനെ കളിക്കാന്‍ കോച്ചും മറ്റുള്ളവരും അനുവദിച്ചിരുന്നില്ല.

ഇതിനെത്തുടര്‍ന്ന് താരം ഏറെ അസ്വസ്ഥനായിരുന്നു. അതേസമയം തന്റെ മകനെ ടീം കോച്ചും മറ്റുള്ളവരും ചേര്‍ന്ന് ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്ന് അമീര്‍ ഹാനിഫ് ആരോപിച്ചു.

We use cookies to give you the best possible experience. Learn more