ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ക്രീസിലേക്കെത്തുമ്പോള്‍ ചേതേശ്വര്‍ പൂജാരയ്ക്ക് കാര്യങ്ങള്‍ അത്ര പന്തിയല്ല. ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലെ വിശ്വസ്തനായ താരത്തിന് ഫോം കണ്ടെത്താന്‍ സാധിക്കുന്നില്ല. ഫോമില്ലായ്മയും പ്രകടനത്തിലെ അസ്ഥിരതയും താരത്തിന് ടീമില്‍ നിന്നും പുറത്തേക്കുള്ള വഴി തുറക്കാന്‍ സാധ്യതയുണ്ടെന്നാണ് അഭ്യൂഹങ്ങള്‍.
ക്രീസില്‍ നിലയുറപ്പിക്കുന്നതിന് മുന്‍പ് തന്നെ പവലിയനിലേക്ക് തിരികെയെത്തുന്ന പൂജാരയെയാണ് കുറച്ചു നാളുകളായി കാണുന്നത്. ടെസ്റ്റ് പോലെ ക്രീസില്‍ നിന്ന് കളിക്കേണ്ട ഒരു ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ താരത്തെ ആരാധകരുടെ ഗുഡ്ബുക്കില്‍ നിന്നും ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു.
എന്നാലിപ്പോള്‍, രോഹിത് കൂടെ ടീമില്‍ ഇല്ലാതിരിക്കുമ്പോള്‍ പൂജാരയുടെ ഉത്തരവാദിത്തങ്ങള്‍ പതിന്മടങ്ങാണ് വര്‍ധിക്കുന്നത്. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തില്‍ ഫോം വീണ്ടെടുത്ത് ലൈംലൈറ്റിലേക്ക് മടങ്ങിയെത്തുകയെന്ന ബാലികേറാമലയാണ് പൂജാരയ്ക്ക് മുന്നിലുള്ളത്.
ടീമിന്റെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെങ്കിലും താരത്തിന് മേലുള്ള സമ്മര്‍ദ്ദം ഏറെയായിരിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ അമ്രെ പറയുന്നത്. ടീമിനായി മികച്ച പ്രകടനം നടത്തണമെന്ന് ടീം മാനേജ്‌മെന്റ് താരത്തിന് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്നും അമ്രെ പറയുന്നു.
ക്രിക്കറ്റ് നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
‘മാനേജ്‌മെന്റ് പൂജാരയ്ക്ക് കര്‍ശന നിര്‍ദേശം നല്കിയിയിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. 6,589 റണ്‍സാണ് ടെസ്റ്റില്‍ പൂജാരെയുടെ സമ്പാദ്യം. കഠിനാധ്വാനം കൊണ്ടാണ് അവന്‍ ഇതെല്ലാം നേടിയെടുത്തത്. ഏറെ പരിചയസമ്പത്തുള്ള അദ്ദേഹം നിരവധി തവണ ടീമിനെ വിജയിത്തിലേക്കെത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് എപ്പോഴാണോ റണ്‍സുകള്‍ ആവശ്യമായി വന്നിട്ടുള്ളത് അപ്പോഴെല്ലാം അദ്ദേഹമത് നേടിത്തന്നിട്ടുണ്ട്,’ അമ്രെ പറയുന്നു.
പൂജാരയ്ക്ക് പുറമെ രഹാനെയും മോശം ഫോമിന്റെ പിടിയിലാണെന്നും അമ്രെ സൂചിപ്പിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഫോമിലേക്ക് മടങ്ങിയെത്താന്‍ പൂജാരെയ്ക്കും രഹാനെയ്ക്കും കെല്‍പുണ്ടെന്നും എന്നാല്‍ സൂര്യകുമാര്‍ യാദവും ഹനുമ വിഹാരിയടക്കമുള്ള താരങ്ങള്‍ ഇരുവര്‍ക്കും കടുത്ത മത്സരമാണ് നല്‍കുന്നതെന്നും അമ്രെ വ്യക്തമാക്കി.
ഡിസംബര്‍ 26നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പര ആരംഭിക്കുന്നത്. സെഞ്ചൂറിയനില്‍ വെച്ചാണ് ആദ്യ പരമ്പര. കേപ് ടൗണിലും ജോഹാനാസ്‌ബെര്‍ഗിലും വെച്ചാണ് മറ്റ് രണ്ട് മത്സരങ്ങള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Former Cricketer Praveen Amre about Cheteshwar Pujara