ഈസ്റ്റ് ദല്‍ഹിയില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ഥിയായി ഗൗതം ഗംഭീര്‍; ന്യൂദല്‍ഹിയില്‍ മീനാക്ഷി ലേഖി
ന്യൂദല്‍ഹി: ഈസ്റ്റ് ദല്‍ഹിയില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ മത്സരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗൗതം ഗംഭീര്‍ കഴിഞ്ഞ മാസമായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഗംഭീര്‍ ദല്‍ഹിയില്‍ മത്സരിച്ചേക്കുമെന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദല്‍ഹിയില്‍ രാജേന്ദ്രനഗര്‍ സ്വദേശിയാണ് ഗംഭീര്‍. ആതിഷി മര്‍ലേനയാണ് ഈസ്റ്റ് ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. അരവിന്ദ് സിങ്ങ് ലവ്‌ലിയാണ് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്.
അതേസമയം, ന്യൂദല്‍ഹിയില്‍ സിറ്റിംഗ് എം.പിയായ മീനാക്ഷി ലേഖിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അജയ് മാക്കനും ആം ആദ്മി സ്ഥാനാര്‍ഥിയായി ബ്രജേഷ് ഗോയലും ദല്‍ഹിയില്‍ മത്സരിക്കും.
അതേസമയം, കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധനടക്കം നാല് എം.പിമാരെ ഉള്‍പ്പെടുത്തി ദല്‍ഹിയിലെ അഞ്ച് പേരടങ്ങുന്ന സ്ഥാനാര്‍ഥിപ്പട്ടിക ബി.ജെ.പി നേരത്തെ പുറത്തുവിട്ടിരുനു. ഹര്‍ഷ് വര്‍ധനു പുറമെ സംസ്ഥാനാധ്യക്ഷന്‍ മനോജ് തിവാരിയും മത്സരിക്കും. ഹര്‍ഷ് വര്‍ധന്‍ ചാന്ദ്നി ചൗക്കില്‍ നിന്നും മനോജ് തിവാരി നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ നിന്നും മത്സരിക്കും.
വെസ്റ്റ് ദല്‍ഹിയില്‍ നിന്ന് ദല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹേബ് സിങ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മയും സൗത്ത് ദല്‍ഹിയില്‍ നിന്നു രമേഷ് ബിധൂരിയും മത്സരിക്കും.
അതേസമയം, ഏഴ് ലോക്സഭാ സീറ്റുകളുള്ള ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി മുഴുവന്‍ സ്ഥാനാര്‍ഥികളെയും നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ദല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ആംആദ്മി പാര്‍ട്ടി ശ്രമിച്ചിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് സഖ്യം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തതിനെത്തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി പിന്മാറുകയായിരുന്നു.