ടി-20 ലോകകപ്പ് സെമി ഫൈനലിലേക്ക് കാലെടുത്ത് വെക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യ. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് നിലവില്‍ ഇന്ത്യക്കുള്ളത്.
നവംബര്‍ ആറിന് സിംബാബ്‌വേക്കെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയിക്കാനായാല്‍ ഗ്രൂപ്പ് രണ്ടില്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാകാനും ഇന്ത്യക്കാവും.
ഇന്ത്യ തങ്ങളുടെ ലോകകപ്പ് സാധ്യതകള്‍ സജീവമാക്കിക്കൊണ്ടിരിക്കെ വമ്പന്‍ നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള നാല് താരങ്ങള്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നും കപ്പടിക്കാന്‍ പറ്റുമെന്നുമാണ് ഗംഭീറിന്റെ നിരീക്ഷണം.
എന്നത്തേയും പോലെ വിരാടിന്റെ പേര് പരാമര്‍ശിക്കാതെയാണ് ഗംഭീര്‍ തന്റെ നിരീക്ഷണം നടത്തിയിരിക്കുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ലൈവിലായിരുന്നു ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.
കെ.എല്‍ രാഹുല്‍ ഫോമിലല്ലെന്നും, എന്നാല്‍ സഹതാരങ്ങള്‍ അവനെ പിന്തുണക്കണമെന്നും ഗംഭീര്‍ പറയുന്നു.
‘അവന്‍ ബ്രിസ്‌ബെയ്‌നില്‍ വെച്ച് ഓസ്‌ട്രേലിയക്കെതിരെ (വാം അപ് മാച്ച്) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ എല്ലാവരും ആവേശത്തിലായിരുന്നു. ഈ ലോകകപ്പില്‍ അവന്‍ തിളങ്ങുമെന്ന് നമ്മള്‍ കരുതി. ഒരു മോശം ഇന്നിങ്‌സ് ഒരിക്കലും നിങ്ങളെ ഒരു മോശം താരമാക്കുന്നില്ല. അതുപോലെ ഒരു മികച്ച ഇന്നിങ്‌സ് നിങ്ങളെ മികച്ച താരവുമാക്കുന്നില്ല.
അതുകൊണ്ട് തന്നെ കൂടുതല്‍ ബാലന്‍സ്ഡ് ആവണം. നിങ്ങളവര്‍ക്ക് സമയം നല്‍കണം. പോയിന്റിന് മുകളിലൂടെയുള്ള ഒരു ഷോട്ട് എല്ലാം മാറ്റി മറിച്ചേക്കാം.
അവന്‍ ഫോമില്‍ മടങ്ങിയെത്തിയിരിക്കുകയാണ്, അവന്‍ എല്ലായ്‌പ്പോഴും ഫോമില്‍ തന്നെയാണ്. ചിലപ്പോള്‍ നിങ്ങള്‍ ടീം സ്‌കോറിലേക്ക് കാര്യമായ സംഭാവനകള്‍ തന്നെ ചെയ്യേണ്ടി വന്നേക്കാം. നിങ്ങള്‍ക്കറിയാമല്ലോ, ഇത് ലോകകപ്പാണ്, ലോകം ഒന്നടങ്കം നിങ്ങളെ നോക്കി കാണുകയാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചില്ല എന്ന കാരണത്താല്‍ നിങ്ങള്‍ ഒരിക്കലും ഒരു മോശം കളിക്കാരനാവുന്നില്ല.
ഇന്ത്യക്ക് ലോകകപ്പ് നേടണമെങ്കില്‍ രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് എന്നിവര്‍ എക്‌സ് ഫാക്ടറായ ഹര്‍ദിക് പാണ്ഡ്യക്കൊപ്പം ചേര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെക്കണം.
ഹര്‍ദിക് മികച്ച ഫോമിലേക്കുയര്‍ന്നിരിക്കുകയാണ്, അവന്‍ ഇതേ ഫോമില്‍ തന്നെ അഗ്രസ്സീവായി കളിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. അവനത് ചെയ്യാന്‍ സാധിക്കും. ഫോമിലേക്കുയര്‍ന്നാല്‍ അവനെ തടഞ്ഞുനിര്‍ത്താന്‍ അവനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല,’ ഗംഭീര്‍ പറയുന്നു.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യ വിജയിച്ചത്. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് വിരാട് കോഹ്‌ലിയായിരുന്നു.
എന്നാല്‍ വിരാടിന്റെ ഇന്നിങ്‌സിനെ പ്രശംസിക്കാതെ മത്സരത്തിനിടെ ഒരു ബൗണ്‍സര്‍ നോ ബോളായി പരിഗണിക്കണമെന്ന് അമ്പയറോടാവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടി വിമര്‍ശിക്കാനായിരുന്നു ഗംഭീര്‍ ശ്രമിച്ചത്.