| Monday, 7th November 2022, 7:25 pm

ബാബറിനെയും ബാവുമയെയും കളിയാക്കുന്നുണ്ടെങ്കില്‍ രോഹിത്തിനെയും നമ്മള്‍ വിമര്‍ശിക്കണം, സ്വയം വിഡ്ഢികളാവരുത്; ഇന്ത്യയുടെ പോരായ്മകള്‍ എണ്ണിപ്പറഞ്ഞ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് മത്സരങ്ങള്‍ക്ക് കളമൊരുങ്ങി നില്‍ക്കവെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസറ്റുമായ ആകാശ് ചോപ്ര.

ടൂര്‍ണമെന്റിലുടനീളം രോഹിത് സമ്പൂര്‍ണ പരാജയമായതിന് പിന്നാലെയാണ് രോഹിത് ശര്‍മക്കെതിരെ വിമര്‍ശന ശരങ്ങളുമായി ആകാശ് ചോപ്ര രംഗത്തെത്തിയത്.

ഹിറ്റ്മാന്‍ രോഹിത് ‘ നോ ഹിറ്റ്’ ആവുന്ന കാഴ്ചയാണ് ടൂര്‍ണമെന്റില്‍ കണ്ടത്. അഞ്ച് മത്സരത്തില്‍ നിന്നും കേവലം 89 റണ്‍സാണ് താരം സ്വന്തമാക്കിയത്. നെതര്‍ലന്‍ഡ്‌സിനെതിരെ നേടിയ ഏക അര്‍ധ സെഞ്ച്വറിയാണ് പേരിനുള്ള നേട്ടം.

ബാറ്റിങ്ങില്‍ വളരെ മോശം പ്രകടനമാണ് താരം പുറത്തെടുത്തതെന്നും ബാബര്‍ അസമിനെയും തെംബ ബാവുമയെയും കുറിച്ച് നമ്മള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ സ്വയം വിഡ്ഢികളാവാതെ രോഹിത് ശര്‍മയെ കുറിച്ചും സംസാരിക്കണമെന്നാണ് ചോപ്ര പറഞ്ഞത്.

ഇതിന് പുറമെ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ കുറിച്ചും ആകാശ് ചോപ്ര സംസാരിച്ചു.

‘പവര്‍ പ്ലേകളില്‍ ഇന്ത്യ വളരെ പതുക്കെയാണ് കളിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ സമീപനം വളരെ വ്യത്യസ്തമാണ്. രോഹിത് ശര്‍മയുടെ മോശം ഫോമും ഇന്ത്യക്ക് തലവേദനയാണ്. രോഹിത് റണ്‍സ് നേടാത്തത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്.

നമ്മള്‍ ബാബര്‍ അസമിനെയും തെംബ ബാവുമയെയും വിമര്‍ശിക്കുകയാണെങ്കില്‍, നമ്മള്‍ രോഹിത് ശര്‍മയെ കുറിച്ചും സംസാരിക്കണം. നമ്മള്‍ സ്വയം വിഡ്ഢികളാവരുത്. അവന്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ പാടുപെടുകയാണ്.

അവന്‍ ആകെ നേടിയത് ഒരു അര്‍ധ സെഞ്ച്വറിയാണ്, അതാകട്ടെ നെതര്‍ലന്‍ഡ്‌സിനെതിരെയും. ആ മത്സരത്തില്‍ അവന്‍ നേരത്തെ പുറത്താവുകയും ചെയ്തു,’ ആകാശ് ചോപ്ര പറയുന്നു.

ഇന്ത്യയുടെ സ്പിന്‍ നിര ദുര്‍ബലമാണെന്നും അശ്വിനും അക്‌സറും ധാരാളം റണ്‍സ് വഴങ്ങുന്നുണ്ടെന്നും ചോപ്ര പറയുന്നു.

‘സ്പിന്‍ ഡിപ്പാര്‍ട്‌മെന്റാണ് ഇന്ത്യ കാര്യമായി ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു മേഖല. നമ്മുടെ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് ടൂര്‍ണമെന്റിലുടനീളം തപ്പിത്തടയുകയാണ്. അശ്വിനോ അക്‌സറോ ആരുമായിക്കൊള്ളട്ടേ, ഇരുവരും ധാരാളം റണ്‍സ് വിട്ടുനല്‍കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ യൂസ്വേന്ദ്ര ചഹലിനെ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

നവംബര്‍ പത്തിനാണ് ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം. ഗ്രൂപ്പ് വണ്ണിലെ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് സെമിയിലെത്തിയപ്പോള്‍ ഗ്രൂപ്പ് ടുവിലെ ആദ്യ സ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ കടന്നത്.

Content highlight: Former Cricketer Akash Chopra Criticize Rohit Sharma

We use cookies to give you the best possible experience. Learn more