വേറെ ആരെയും കിട്ടാഞ്ഞിട്ടാണോ ഇങ്ങേരെ പിടിച്ച് വിക്കറ്റ് കീപ്പറാക്കിയത്! രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്തി ആകാശ് ചോപ്രയുടെ ഐ.പി.എല്‍ 2022 ഇലവന്‍
ഐ.പി.എല്‍ 2022ന് ആവേശത്തോടെ കൊടിയിറങ്ങിയിരിക്കുകയാണ്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെയും കോച്ച് ആശിഷ് നെഹ്‌റയുടെയും കരുത്തില്‍ ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് ചാമ്പ്യന്‍മാരുമായിരിക്കുകയാണ്.
സീസണ്‍ അവസാനിച്ചതിന് പിന്നാലെ മിക്ക ക്രിക്കറ്റ് അനലിസ്റ്റുകളും മുന്‍ താരങ്ങളുമെല്ലാം തന്നെ തങ്ങളുടെ ഐ.പി.എല്‍ 2022 ഇലവനെ പ്രഖ്യാപിക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ അടക്കം പലരും ഇതിനോടകം തങ്ങളുടെ ഡ്രീം ഇലവന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇപ്പോഴിതാ, തന്റെ സൂപ്പര്‍ ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ആരും തെരഞ്ഞെടുക്കാത്ത ‘വിക്കറ്റ് കീപ്പറെ’ ഉള്‍പ്പെടുത്തിയാണ് ചോപ്ര തന്റെ ഇലവന്‍ സജ്ജമാക്കിയിരിക്കുന്നത്.
മറ്റെല്ലാവരേയും പോലെ ജോസ് ബട്‌ലറും കെ.എല്‍. രാഹുലും തന്നെയാണ് ചോപ്രയുടെ ടീമിന്റെയും ഓപ്പണര്‍മാര്‍. ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യയല്ലാതെ മറ്റൊരു താരത്തിനെയും ചോപ്ര ചിന്തിക്കുന്നുപോലുമില്ല.
ഇവര്‍ക്ക് പുറമെ സണ്‍റൈസേഴ്‌സിന്റെ രാഹുല്‍ ത്രിപാഠി, പഞ്ചാബ് കിംഗ്‌സിന്റെ മധ്യനിരയിലെ വെടിക്കെട്ട് വീരന്‍ ലിയാം ലിവിംഗ്സ്റ്റണ്‍, ടൈറ്റന്‍സ് നിരയില്‍ നിന്നും മില്ലറും ഷമിയും കെ.കെ.ആറിന്റെ കരീബിയന്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍, രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ മാന്ത്രികന്‍ യുസ്വേന്ദ്ര ചഹല്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പേസര്‍ ആവേശ് ഖാന്‍ പഞ്ചാബിന്റെ തന്നെ അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ചോപ്രയുടെ സൂപ്പര്‍ ഇലവനിലുള്ളത്.
രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം ജോസ് ബട്‌ലറിനെയാണ് ചോപ്ര വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിയോഗിച്ചിട്ടുള്ളത്. മറ്റാരും ഇത്തരത്തില്‍ ബട്‌ലറിനെ വിക്കറ്റ് കീപ്പറാക്കിയിട്ടില്ല.