ഐ.പി.എല്ലിലെ മൂന്നാംവിജയം തേടിയിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡിലെ ബലഹീനത ചൂണ്ടിക്കാണിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റ് കമന്റേറ്റര്‍ എന്നീ നിലയില്‍ പ്രശസ്തനുമായ ആകാശ് ചോപ്ര.
ഡെത്ത് ഓവറിലെ ബൗളിംഗ് രാജസ്ഥാന്‍ റോയല്‍സിന് ഇത്തവണത്തെ ഐ.പി.എല്ലില്‍ വിനയാവാന്‍ സാധ്യതയുണ്ടെന്നാണ് ആകാശ് ചോപ്ര പറയുന്നത്.
‘അവര്‍ക്ക് ഡെത്ത് ഓവറില്‍ ഇപ്പോഴും കുഴപ്പങ്ങള്‍ നേരിടുന്നുണ്ട്. അവസാന ഓവറുകള്‍ എറിയാന്‍ പ്രസിദ്ധ് കൃഷ്ണ അനുയോജ്യനല്ല. ട്രെന്റ് ബോള്‍ട്ട് മികച്ച ഡെത്ത് ബൗളറാണ്, എന്നാല്‍ അദ്ദേഹത്തേയും ഡെത്ത് ഓവര്‍ ബൗളര്‍ എന്ന നിലയില്‍ പരിഗണിക്കാന്‍ സാധിക്കില്ല. ബോള്‍ട്ടിനെ രാജസ്ഥാന്റെ മൂന്നാം പേസര്‍ എന്ന രീതിയിലാണ് കണക്കാക്കേണ്ടത്,’ ആകാശ് ചോപ്ര പറയുന്നു.
മൂന്നാം പേസര്‍ എന്ന പ്രശ്‌നം രാജസ്ഥാനെ വല്ലാതെ അലട്ടുന്നുണ്ടെന്നും ചോപ്ര പറയുന്നു.
‘നഥാന്‍ കൂള്‍ട്ടര്‍നൈല്‍ പരിക്കറ്റ് പുറത്തുപോയപ്പോഴാണ് നവ്ദീപ് സെയ്‌നി ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ സെയ്‌നിക്കും പരിക്കേറ്റിരുന്നു, അവന്‍ മൂന്ന് ഓവറില്‍ 36 റണ്‍സ് വിട്ടുനല്‍കിയതും പരിശോധിക്കേണ്ടതാണ്.
പിന്നെയുള്ളത് ജോണി നിഷാമാണ്, പക്ഷേ അവനെ സംബന്ധിച്ച് ഗ്രൗണ്ട് വളരെ ചെറുതാണ്,’ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ക്കുന്നു.
ഐ.പി.എല്ലിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചാണ് രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. രണ്ട് മത്സരത്തിലും ആദ്യം ബാറ്റ് ചെയ്താണ് രാജസ്ഥാന്‍ വിജയിച്ചത് എന്ന കാര്യവും ഹൈലൈറ്റാണ്.
ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ 61 റണ്‍സിന്റെ വിജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് മൂന്നാം മത്സരത്തിലെ രാജസ്ഥാന്റെ എതിരാളികള്‍. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.
Content Highlight: Former Cricketer Aakash Chopra points out one weakness in Rajasthan Royals squad