|

ഇംഗ്ലണ്ടിന്റെ തോല്‍വിയുടെ കാരണക്കാരന്‍ ഹാരി ബ്രൂക്ക്; വിമര്‍ശനവുമായി മുന്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 5 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര 3-1 ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് 19.4 ഓവറില്‍ 166 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ഹാരി ബ്രൂക്കാണ്. നാലാമനായി ഇറങ്ങി 26 പന്തില്‍ നിന്ന് രണ്ട് സിക്‌സും 5 ഫോറും ഉള്‍പ്പെടെ 51 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 196.15 എന്ന് കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിലുണ്ട്. മികച്ച പ്രകടനം പുറത്തെടുത്തെങ്കലും ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണമായത് ബ്രൂക്ക് തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയതാണെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍.

‘അവന്റെ ഫിനിഷിങ് കഴിവുകളില്‍ എനിക്ക് ആശങ്കയില്ല. എന്നാല്‍ അര്‍ധ സെഞ്ച്വറി നേടി പുറത്താകുന്നതിനെക്കുറിച്ചാണ് ഞാന്‍ ചോദിക്കുന്നത്. ഇംഗ്ലണ്ടിനായി ഈ കളി ജയിക്കാന്‍ അവന് ഒരുപാട് സമയമുണ്ടായിരുന്നു. ഹാരിയെക്കുറിച്ച് നമ്മള്‍ സംസാരിക്കാന്‍ മത്സരം ഫിനിഷ് ചെയ്യാനുള്ള അവന്റെ കഴിവുകള്‍ കൊണ്ടാണ്. നിങ്ങളുടെ രാജ്യത്തിന് വേണ്ടി മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ നിങ്ങള്‍ മികച്ച കളിക്കാരനാകൂ,’ കെവിന്‍ പീറ്റേഴ്‌സണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

മാത്രമല്ല മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേലും ബ്രൂക്കിനെ വിമര്‍ശിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണം ബ്രൂക്കാണെന്നാണ് മുന്‍ താരം പറഞ്ഞത്. മത്സരത്തില്‍ ബ്രൂക്കിന്റെ വിക്കറ്റ് നേടിയത് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. കൗതുകമെന്തെന്നാല്‍ കഴിഞ്ഞ മൂന്ന് മത്സരത്തിലും ബ്രൂക്കിന്റെ വിക്കറ്റ് നേടിയത് വരുണ്‍ തന്നെയായിരുന്നു.

‘ഹാരി ബ്രൂക്കിന്റെ ഗെയിം അവബോധത്തിന്റെ അഭാവമായിരുന്നു ഇംഗ്ലണ്ടിന്റെ പരാജയത്തിന് കാരണം. വരുണിന് ആറ് പന്തുകള്‍ മാത്രമേ ബാക്കിയുള്ളൂ, ബ്രൂക്കിന് അത് എളുപ്പത്തില്‍ മറികടക്കാമായിരുന്നു, പക്ഷെ ബ്രൂക്ക് വരുണിന് മറ്റൊരു വിക്കറ്റും നല്‍കി,’പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

ബ്രൂക്കിന് പുറമെ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമായിരുന്നു ടീമിന് നല്‍കിയത്. സാള്‍ട്ട് 23 റണ്‍സും 39 റണ്‍സുമാണ് ടീമിന് നല്‍കിയത്. ഇന്ത്യയ്ക്കായി രവി ബിഷ്ണോയ്യും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റ് വീതം നേടി.

വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ അക്സര്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് ഡെഡ് റബ്ബര്‍ മത്സരത്തിന് വേദിയാകുന്നത്.

Content Highlight: Former Cricket Players Criticize Harry Brook

Video Stories