| Wednesday, 20th March 2024, 5:08 pm

പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി സി.പി.ഐ.എം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ ബി.ജെ.പി നേതാവും കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വാര്‍ത്തകളൊക്കെ അദ്ദേഹം നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി എസ്. രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് പ്രകാശ് ജാവദേക്കറിന്റെ ദല്‍ഹിയിലെ വസതിയിലെത്തിയ എസ്. രാജേന്ദ്രന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.

20 മിനിറ്റോളം കൂടിക്കാഴ്ച തുടര്‍ന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ദല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.

ദേവികുളം മുന്‍ എം.എല്‍.എ ആയിരുന്ന എസ്. രാജേന്ദ്രന്‍ സി.പി.ഐ.എമ്മിലെ അദ്ദേഹത്തിന്റെ അംഗത്വം പുതുക്കാത്തത് വലിയ വാര്‍ത്ത ആയിരുന്നു. അന്ന് മുതല്‍ അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളൊക്കെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ എസ്. രാജേന്ദ്രന്‍ പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് എത്തുമെന്ന് അടുത്തിടെ പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. കൂടുതല്‍ നേതാക്കളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. അതിനിടെയാണ് ഇപ്പോള്‍ എസ്. രാജേന്ദ്രന്‍ ബി.ജെ.പി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയത്.

Content Highlight: former cpm mla s rajendran met with prakash javadekar in delhi

We use cookies to give you the best possible experience. Learn more