| Sunday, 12th June 2022, 10:09 am

ശശികുമാറിന് ജാമ്യം ലഭിച്ചതിന് കാരണം പൊലീസ് അനാസ്ഥ: പൂര്‍വ വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സെന്റ് ജെമ്മാസ് സ്‌കൂള്‍ റിട്ട. അധ്യാപകനും മലപ്പുറം നഗരസഭയിലെ സി.പി.ഐ.എം മുന്‍ കൗണ്‍സിലറുമായ കെ.വി. ശശികുമാറിന് പോക്‌സോ കേസില്‍ ജാമ്യം ലഭിച്ചത് പൊലീസിന്റെ അനാസ്ഥ കാരണമെന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍.

ശശികുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചതെന്നും ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രതിനിധികള്‍ പറഞ്ഞു.

ശശികുമാര്‍ മുപ്പത് വര്‍ഷത്തിലധികം വിദ്യാര്‍ത്ഥികളെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതികളുമായി രംഗത്ത് വരുമെന്നും അവര്‍ പറഞ്ഞു.

ശശികുമാറില്‍ നിന്ന് ക്രൂരപീഡനങ്ങള്‍ക്കാണ് പെണ്‍കുട്ടികള്‍ ഇരയായത്. അഞ്ചുമുതല്‍ ഏഴാം ക്ലാസ് വരെയുള്ള പഠനകാലത്ത് തങ്ങള്‍ക്കൊന്നും മനസ്സിലാകാത്ത രീതിയില്‍ സൂത്രത്തിലാണ് ശശികുമാര്‍ പീഡനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുക, കുട്ടികളുടെ മേല്‍ വെള്ളമൊഴിച്ച് നനയുന്ന ഭാഗം നോക്കി ആസ്വദിക്കുക തുടങ്ങിയ ക്രൂരതകളാണ് ഇയാള്‍ ചെയ്തിരുന്നത്.

അഞ്ചാം ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ കുട്ടികളുടെ മുടിക്കെട്ടില്‍ പിടിച്ച് കുലുക്കുന്നതും ഈ സമയം ശരീരത്തില്‍ സ്വാതന്ത്ര്യത്തോടെ തൊടുന്നതും പതിവായിരുന്നു. ഇപ്പോള്‍ ജാമ്യം കിട്ടിയത് ഏതു രീതിയിലാണെന്ന് മനസ്സിലാകുന്നില്ലെന്ന് പരാതിക്കാരുടെ പ്രതിനിധി പറഞ്ഞു. 30 വര്‍ഷത്തിലധികം ഇത്രയും കുട്ടികളെ പീഡിപ്പിച്ചിട്ടും എങ്ങനെയാണ് പ്രതിക്ക് വേഗത്തില്‍ ജാമ്യം ലഭിച്ചതെന്ന കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അവര്‍ പറഞ്ഞു.

പൂര്‍വ വിദ്യാര്‍ഥി സംഘടന രാഷ്ട്രീയപ്രേരിതമോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പിന്‍ബലത്തോടെയോ അല്ല പരാതി നല്‍കിയത്. പക്ഷേ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നാണ് വിശ്വാസം. രണ്ട് പോക്‌സോ കേസ് അടക്കം ആറ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടും പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന് അവര്‍ വ്യക്തമാക്കി. ഇതുവരെ സമഗ്ര അന്വേഷണം നടന്നിട്ടില്ല. കുടുംബമായി കഴിയുന്നതുകൊണ്ടുതന്നെ പരാതിയുണ്ടെങ്കില്‍പോലും പലര്‍ക്കും മുന്നോട്ട് വന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് കെ.വി. ശശികുമാറിന് ജാമ്യം ലഭിച്ചത്. രണ്ട് കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന രണ്ട് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതിയിലായിരുന്നു കേസ്.

സമൂഹ മാധ്യമത്തിലൂടെയാണ് അധ്യാപകനായിരുന്ന ശശികുമാറിനെതിരെ പെണ്‍കുട്ടികള്‍ മീടു ആരോപണം ഉന്നയിച്ചിരുന്നത്. അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ ശശികുമാര്‍ ഫേസ്ബുക്കില്‍ അനുഭവക്കുറിപ്പ് പങ്കുവച്ചതിന് താഴെ കമന്റായാണ് പെണ്‍കുട്ടികള്‍ മീടു ആരോപണം ഉന്നയിച്ചിരുന്നത്.

Content Highlights: Former CPI (M) councilor KV Sasikumar’s pocso  case was due to police negligence.

We use cookies to give you the best possible experience. Learn more