| Tuesday, 21st November 2023, 9:31 pm

മുൻ സി.പി.ഐ നേതാവ് ഭാസുരാംഗനും മകൻ അഖിൽജിത്തും അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സി.പി.ഐ നേതാവും ബാങ്കിലെ മുൻ പ്രസിഡന്റുമായ ഭാസുരാംഗനും മകൻ അഖിൽജിത്തും അറസ്റ്റിൽ.

10 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ കോടതിയിൽ ഹാജരാക്കും.

നേരത്തെ ഭാസുരാംഗന്റെ വീട്ടിലും കണ്ടല സഹകരണ ബാങ്കിലും 30 മണിക്കൂറിലധികം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഭാസുരാംഗനെയും മകനെയും ചോദ്യം ചെയ്ത ഇ.ഡി അഖിൽജിത്തിന്റെ ആഡംബര കാറും പിടിച്ചെടുത്തിരുന്നു.

ഇ.ഡി റെയ്ഡിനെ തുടർന്ന് ഭാസുരാംഗനെ സി.പി.ഐ പുറത്താക്കിയിരുന്നു. എന്നാൽ ബാങ്കിൽ നടന്നത് തട്ടിപ്പല്ല വെറും ക്രമക്കേടാണെന്നും ഇ.ഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണെന്നുമായിരുന്നു നേരത്തെ ഭാസുരാംഗൻ പറഞ്ഞത്.

ഭാസുരാംഗനെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും അതിൽ കർശനമായ നടപടിയെടുക്കണമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെ ഭാസുരാംഗനെ ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിൽ നിന്നും പുറത്താക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിലെ ക്രമക്കേടിനെ തുടർന്ന് ഒരു പാർട്ടി നേതാവ് ആസിഡ് ആക്രമണത്തിനിരയാകുകയും മറ്റൊരു നേതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. സഹകരണ ബാങ്കിലെ ക്രമക്കേടുകൾ പുറത്തുവന്നിട്ട് ഒരു വർഷമായി. ഈ കാലയളവിൽ ഭാസുരാംഗനെതിരായി 64 പരാതികളും സഹകരണ ബാങ്ക് രജിസ്റ്ററുടെ റിപ്പോർട്ടും വന്നിരുന്നു.

Content Highlight: Former CPI leader Basuranghan and son arrested in Kandala bank fraud case

We use cookies to give you the best possible experience. Learn more