വീണ്ടും; കോണ്‍ഗ്രസ് മുന്‍ വക്താവ് സി.ആര്‍. കേശവന്‍ ബി.ജെ.പിയില്‍
national news
വീണ്ടും; കോണ്‍ഗ്രസ് മുന്‍ വക്താവ് സി.ആര്‍. കേശവന്‍ ബി.ജെ.പിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th April 2023, 3:29 pm

ചെന്നൈ: കോണ്‍ഗ്രസ് മുന്‍ വക്താവ് സി.ആര്‍. കേശവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി വി.കെ. സിങ്ങില്‍ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു.

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെയുള്ള ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ ചെറുമകനാണ് ഇയാള്‍. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റായും സി.ആര്‍. കേശവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊവിഡ് കാലത്ത് ലോകത്തിന് ആത്മവിശ്വാസം നല്‍കിയ നേതാവാണ് നരേന്ദ്രമോദിയെയെന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.

‘മോദിയുടെ ജനകേന്ദ്രീകൃത നയങ്ങളും അഴിമതി രഹിത ഭരണവും പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വികസന അജണ്ടയും ഇന്ത്യയെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറ്റി.

 

 

കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ പ്രതീകപ്പെടുത്തുന്നതോ, നിലകൊള്ളുന്നതോ, പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതോ ആയ കാര്യങ്ങളുമായി എനിക്ക് യോജിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അടുത്തിടെ ദേശീയ തലത്തിലുള്ള ഒരു സംഘടനാ ഉത്തരവാദിത്തം ഞാന്‍ നിരസിക്കുകയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തത്,’ കേശവന്‍ പറഞ്ഞു.

അതേസമയം, വിവിധ രാഷ്ട്രീയ നേതാക്കളെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും അവിഭക്ത ആന്ധ്രപ്രദേശിലെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡിയും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

Content Highlight: Former Congress spokesperson C.R. Keshavan joined the BJP