| Wednesday, 15th February 2023, 8:09 am

വീടുമുടക്കി എന്ന് പ്രചരണം നടത്തി തോല്‍പ്പിച്ചവര്‍ക്കുള്ള മറുപടി, ശിവശങ്കര്‍ ഒരു ടൂള്‍ മാത്രം, പ്രതികള്‍ പുറത്ത്: അനില്‍ അക്കരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും കേസിലെ പരാതിക്കാരനുമായ അനില്‍ അക്കരെ. വ്യക്തിപരമായും ഈ കേസിലുണ്ടായ നടപടി തനിക്ക് ആശ്വാസകരമാണെന്നും അനില്‍ അക്കരെ പ്രതികരിച്ചു.

‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമൊക്കെ ഇത്
വ്യാജ ആരോപണമാണെന്ന് പറഞ്ഞ്, വീടുമുടക്കി എന്ന പേര് പറഞ്ഞുകൊണ്ടാണ് സി.പി.ഐ.എം എന്നേയും എന്റെ പാര്‍ട്ടിയേയും നേരിട്ടത്. അത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. അതിനൊക്കെ ശേഷം കേസിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തത് സന്തോഷമുള്ള കാര്യമാണ്,’ അനില്‍ അക്കരെ പറഞ്ഞു.

നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ വൈകിയാണ് ഒരു നടപടിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘ഈ കേസിലെ ഒരു ടൂളിനെ അറസ്റ്റ് ചെയ്തു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു പ്രതി എന്നതിനപ്പുറം എം. ശിവശങ്കര്‍ ഈ കേസില്‍ ഒരു ടൂളായി പ്രവര്‍ത്തിച്ചയാളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അറസ്റ്റ് നടക്കുന്നത്.

2018ന് ശേഷമാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ യു.എ.ഇയിലേക്ക് പോകുന്നത്. അവിടെ യു.എ.ഇ ഇസ്‌ലാമിക് ബാങ്കുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അടക്കമുള്ളവര്‍ക്ക് ഞാന്‍ കൈമാറിയിരുന്നു. എന്നാല്‍ സമയമെടുത്താണ് ഇപ്പോള്‍ ഒരു നടപടിയുണ്ടായിരിക്കുന്നത്,’ അനില്‍ അക്കരെ പറഞ്ഞു.

ബുധനാഴ്ച രാത്രി 11.45നാണ് എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)
അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലെ മൂന്നാമത്തെ അറസ്റ്റാണിത്.

Content Highlight: Former Congress MLA Anil Akkara Reacting arrest of Ex-Principal Secretary M Sivashankar

We use cookies to give you the best possible experience. Learn more