ബെംഗളൂരു: ബെംഗളൂരു കലാപക്കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സമ്പത്ത് രാജ് അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് കഴിഞ്ഞ ദിവസം സമ്പത്ത് രാജിനെ അറസ്റ്റ് ചെയ്തത്.
സമ്പത്ത് രാജ് ഉള്‍പ്പെടെ 60 പേരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം തയ്യാറാക്കിയിരുന്നു. കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സമ്പത്ത് രാജിനും സാക്കിര്‍ ഹുസൈനും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.
എന്നാല്‍ കൊവിഡ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടതിന് ശേഷം സമ്പത്ത് ഒളിവിലാണെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
സമ്പത്ത് രാജിനോട് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല.
ഡി.ജെ ഹള്ളിയില്‍ നിന്ന് രണ്ട് തവണ കോര്‍പറേറ്ററായ ആര്‍ സമ്പത്ത് രാജ് ബെംഗളൂരു മേയറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച 850 പേജുള്ള കുറ്റപത്രത്തില്‍ സമ്പത്ത് രാജ് 51 ഉം ഹുസൈന്‍ 52ാം പ്രതിയുമാണ്. കേസില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് കലീം പാഷയെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമ്പത്ത് രാജ് കലാപത്തിന്റെ ഭാഗമായിട്ടുണ്ട് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച നിരവധി ഫോണ്‍ കോളുകളും മെസേജുകളും കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
കലാപം രൂക്ഷമാക്കാന്‍ സമ്പത്ത് രാജ്, അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് അരുണ്‍ കുമാര്‍, സാക്കീര്‍ എന്നിവര്‍ എസ്.ഡി.പി.ഐ നേതാക്കളെ പ്രേരിപ്പിച്ചുവെന്നതിന് മതിയായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്നാണ് ബെംഗളൂരുവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്ത എം.എല്‍.എയുടെ ബന്ധു നവീനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.
പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Former Congress Mayor Sampath Raj arrested in Bengaluru riots case