കോണ്‍ഗ്രസ് മുക്ത ഭാരതമായിരുന്നു നേരത്തെ ബി.ജെ.പി ലക്ഷ്യം, ഇപ്പോഴത് പ്രതിപക്ഷ രഹിത രാജ്യമാണ്: കപില്‍ സിബല്‍
national news
കോണ്‍ഗ്രസ് മുക്ത ഭാരതമായിരുന്നു നേരത്തെ ബി.ജെ.പി ലക്ഷ്യം, ഇപ്പോഴത് പ്രതിപക്ഷ രഹിത രാജ്യമാണ്: കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th March 2023, 7:52 pm

ന്യൂദല്‍ഹി: പ്രതിപക്ഷരഹിത രാജ്യമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ കപില്‍ സിബല്‍. നിലവില്‍ ഇ.ഡിയുടെ റഡാറില്‍ നിന്ന് രക്ഷപ്പെടാത്ത ഒരു പ്രതിപക്ഷ പാര്‍ട്ടിയും രാജ്യത്തില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് കപില്‍ സിബലിന്റെ പ്രതികരണം.

‘രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ്
പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ ഒന്നിക്കുന്നത്. ഇ.ഡി, സി.ബി.ഐ എന്നിവരുടെ റഡാറില്‍ ഇല്ലാത്ത ഒരു പ്രതിപക്ഷ പാര്‍ട്ടി പോലുമില്ല. ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു.

നേരത്തെ കോണ്‍ഗ്രസ് മുക്ത രാഷ്ട്രമായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം, എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷരഹിത രാജ്യമാണ്,’ കപില്‍ സിബല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട വിഷയത്തിലെ ഡിഫമേഷന്‍ കേസ് നിലനില്‍ക്കില്ലെന്നും വിഷയത്തില്‍ രാഹുലല്ല ബി.ജെ.പിയാണ് മാപ്പ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മോദി എല്ലായിടത്തും പിന്നാക്ക ജാതി അല്ല, മോദി ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ അല്ല, പിന്നെ എന്തടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി ഒ.ബി.സി ജനതയെ അപമാനിച്ചു എന്ന് പറയുന്നത്? പിന്നെ എന്തിന് അദ്ദേഹം മാപ്പ് പറയണം?

അവരാണ് (ബി.ജെ.പി) മാപ്പ് പറയേണ്ടത്, കാരണം യഥാര്‍ത്ഥ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജനാധിപത്യത്തെ അപകടത്തിലാക്കാന്‍ ഗൂഢാലോചന നടത്തുകയാണ്,’ കപില്‍ സിബല്‍ പറഞ്ഞു.

Content Highlight: Former Congress leader and Rajya Sabha MP Kapil Sibal said that BJP is aiming for a country without opposition