| Friday, 2nd August 2024, 9:28 am

കഴിവ് തെളിയിക്കാൻ അദ്ദേഹത്തിന് മെസിയെപോലെ വലിയ ക്ലബ്ബുകളിൽ കളിക്കേണ്ട ആവശ്യമില്ല: മുൻ കൊളംബിയൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ് ലയണല്‍ മെസിയും ഡീഗോ മറഡോണയും. ഇരുതാരങ്ങളും അര്‍ജന്റൈന്‍ ഫുട്‌ബോളിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.

ഇപ്പോള്‍ മെസിയാണോ മറഡോണയാണോ ഏറ്റവും മികച്ചത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ കാര്‍ലോസ് വാല്‍ഡെര്‍മെ. മെസിയേക്കാള്‍ മികച്ച നേതൃത്വപാടവം മറഡോണയ്ക്കാണുള്ളതെന്നാണ് കാര്‍ലോസ് വാല്‍ഡെര്‍മെ പറഞ്ഞത്. ബോല വി.ഐ.പിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ കൊളംബിയൻ താരം ഇക്കാര്യം പറഞ്ഞത്.

‘എന്നെ സംബന്ധിച്ചിടത്തോളം ഫുട്‌ബോളിലെ മികച്ച താരം ഡീഗോയാണ്. അദ്ദേഹത്തിന്റെ ലീഡർഷിപ്പ് വളരെ വ്യത്യസ്തമാണ്. മറഡോണ വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടിയാണ് കളിച്ചത് എന്ന കാര്യം മറക്കരുത്. മെസി ബാഴ്‌സയില്‍ കളിക്കുമ്പോള്‍ ഒരുപാട് താരങ്ങള്‍ ഉണ്ടായിരുന്നു. മറുവശത്ത് മറഡോണയ്ക്ക് ഈ താരങ്ങളുടെയൊന്നും ആഡംബരം ഇല്ലായിരുന്നു.

അദ്ദേഹം വ്യത്യസ്തനായ കളിക്കാരന്‍ ആയിരുന്നു. മറഡോണ നാപ്പോളിയില്‍ പോയപ്പോള്‍ നിങ്ങള്‍ക്ക് നാപ്പോളിയെ കുറിച്ച് അറിയാമായിരുന്നോ? മറഡോണ നാപ്പോളിയില്‍ പോയി അവിടെ വിജയിച്ചു കാണിച്ചു. അപ്പോഴാണ് എല്ലാവരെയും നാപ്പോളിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതെല്ലാം ഡീഗോ കാരണമായിരുന്നു,’ വാല്‍ഡെര്‍മെ പറഞ്ഞു.

ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയുടെ എക്കാലത്തെയും മികച്ച ഇതിഹാസമാണ് മറഡോണ. 257 ഗോളുകളാണ് ഇറ്റാലിയന്‍ വമ്പന്മാര്‍ക്ക് വേണ്ടി മറഡോണ അടിച്ചുകൂട്ടിയത്. 1987-88 സിരി എ സീസണില്‍ നാപ്പോളിക്ക് വേണ്ടി 15 ഗോളുകള്‍ നേടിക്കൊണ്ട് ടോപ് സ്‌കോറര്‍ ആവാനും മറഡോണക്ക് സാധിച്ചിട്ടുണ്ട്.

നാപ്പോളിക്കൊപ്പം രണ്ട് ലീഗ് കിരീടങ്ങള്‍, കോപ്പ ഇറ്റാലിയ, യുവേഫ കപ്പ്, സൂപ്പര്‍കോപ്പ ഇറ്റാലിയന എന്ന കിരീടങ്ങളും മറഡോണ നേടിയിട്ടുണ്ട്.

മറഡോണക്കായുള്ള ആദരസൂചകമായി നാപോളി അവരുടെ ഹോം സ്റ്റേഡിയത്തിന്റെ പേര് സാന്‍ പോളോ എന്നതില്‍ നിന്നും ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്നാക്കി 2020ല്‍ പുനര്‍നാമകരണം ചെയ്തിരുന്നു.

അര്‍ജന്റീനക്കായി 91 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ മറഡോണ 34 ഗോളുകളാണ് നേടിയിട്ടുള്ളത്. 1986ലെ മെക്‌സിക്കന്‍ ലോകകപ്പില്‍ അര്‍ജന്റീനയും വിജയത്തില്‍ എത്തിക്കാനും മറഡോണയ്ക്ക് സാധിച്ചിരുന്നു. ആ ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ് നേടിയത് മറഡോണ ആയിരുന്നു.

Content Highlight: Former Colombia Player Talks About Difference Between Lionel Messi And Diego Maradona

We use cookies to give you the best possible experience. Learn more