| Sunday, 27th November 2022, 9:17 am

വിരാടും രോഹിത്തും കാരണം അവന് അര്‍ഹിച്ചതൊന്നും ലഭിച്ചില്ല; തുറന്നടിച്ച് ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ തങ്ങളുടെ ന്യൂസിലാന്‍ഡ് പര്യടനം തുടരുകയാണ്. ടി-20 പരമ്പര സ്വന്തമാക്കിയ ശേഷം ഏകദിന പരമ്പരയും ലക്ഷ്യമിട്ടാണ് ഇന്ത്യ ന്യൂസിലാന്‍ഡിനോടേറ്റുമുട്ടുന്നത്. എന്നാല്‍ ഏകദിന പരമ്പരയില്‍ മികച്ച തുടക്കമല്ല ഇന്ത്യക്ക് സഭിച്ചിരിക്കുന്നത്. ആദ്യ ഏകദിനത്തില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും കിവികളോട് തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി.

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ ശിഖര്‍ ധവാനായിരുന്നു ഇന്ത്യയെ നയിച്ചത്. ബാറ്റിങ്ങില്‍ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ 306 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.

എന്നാല്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും കാലത്ത് ശിഖര്‍ ധവാന് അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ല എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.

‘ശിഖര്‍ ധവാന്‍ വളരെ എക്‌സ്പീരിയന്‍സ്ഡായ ഒരു കളിക്കാരനാണ്. അര്‍ഹിക്കുന്ന അംഗീകാരങ്ങളൊന്നും തന്നെ അവനെ തേടിയെത്തിയില്ല, കാരണം സ്‌പോട് ലൈറ്റ് എപ്പോഴും വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മക്കുമായിരുന്നു ലഭിച്ചിരുന്നത്.

വലിയ ടീമുകള്‍ക്കെതിരെ അവന്‍ മികച്ച പല ഇന്നിങ്‌സുകളും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ അവന്റെ ട്രാക്ക് റെക്കോഡുകള്‍ അപാരമാണ്,’ രവി ശാസ്ത്രി പറയുന്നു.

അതേസമയം, രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.എന്നാല്‍ അഞ്ച് ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മഴയെത്തിയതോടെ മത്സരം തത്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ്.

4.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 22 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. എട്ട് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും 21 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലുമാണ് ഇന്ത്യക്കായി ക്രിസീല്‍.

ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 306 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്ലാക് ക്യാപ്സ് ടോം ലാഥമിന്റെയും കെയ്ന്‍ വില്യംസണിന്റെയും ഇന്നിങ്സിന്റെ ബലത്തില്‍ 17 പന്തും ഏഴ് വിക്കറ്റും കയ്യിലിരിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സില്‍ വിജയിച്ചാല്‍ ന്യൂസിലാന്‍ഡിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

ഇതിന് മുമ്പ് നടന്ന ടി-20 പരമ്പരയില്‍ മഴ കളിച്ചപ്പോള്‍ കഷ്ടിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ഇന്ത്യ ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹല്‍.

ന്യൂസിലാന്‍ഡ് ഇലവന്‍

ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വാള്‍, മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍

Content Highlight: Former coach Ravi Shastri about Shikhar Dhawan

Latest Stories

We use cookies to give you the best possible experience. Learn more