ഐ.സി.സിയുടെ 2022ലെ ഏറ്റവും വലിയ ഗ്ലോബല്‍ ഇവന്റ് ആരംഭിക്കാന്‍ ഇനി കേവലം ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണുള്ളത്. ടീമുകളെല്ലാം തന്നെ സ്‌ക്വാഡ് പ്രഖ്യാപിച്ച് ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിരിക്കുകയാണ്.
പല ടീമുകള്‍ക്കും താരങ്ങളുടെ പരിക്ക് ഒരു വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ ടീമുകള്‍ തങ്ങളുടെ സൂപ്പര്‍ താരങ്ങളുടെ പരിക്കില്‍ വലഞ്ഞിരിക്കുകയാണ്.
ലോകകപ്പിന് മുമ്പ് തന്നെ ഏറ്റവും വലിയ പ്രഹരമേറ്റത് ഇന്ത്യക്കാണ്. ഇന്ത്യയുടെ സ്റ്റാര്‍ പേസറും ഫൈവ് സ്റ്റാര്‍ ഓള്‍ റൗണ്ടറുമായിരുന്നു പരിക്കേറ്റ് പുറത്തായത്. ജസ്പ്രീത് ബുംറയെ വലച്ചത് പുറം വേദനയായിരുന്നുവെങ്കില്‍ രവീന്ദ്ര ജഡേജയെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയത് കാല്‍മുട്ടിനേറ്റ പരിക്കായിരുന്നു.
എന്നാല്‍ ജഡേജയും ബുംറയും ഇല്ലാതെ തന്നെ ഇന്ത്യക്ക് ലോകകപ്പ് നേടാന്‍ സാധിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.
ബുംറയുടെയും ജഡേജയുടെയും അഭാവം ഇന്ത്യക്ക് ഉണ്ടാക്കാന്‍ പോകുന്നത് വമ്പന്‍ നഷ്ടങ്ങളാണെന്നും എന്നാല്‍ ആ നഷ്ടം നികത്താന്‍ പോന്ന ബെഞ്ച് സ്‌ട്രെങ്ത് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറുയുന്നു.
‘ഇത് നിര്‍ഭാഗ്യകരമാണ്. ധാരാളം ക്രിക്കറ്റ് കളിക്കുന്നതിനാല്‍ പരിക്കേല്‍ക്കേണ്ടി വരും, അക്കാര്യത്തില്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ല. കളിക്കാര്‍ക്ക് പരിക്കേല്‍ക്കേണ്ടി വരും. എന്നാല്‍ ഈ സാഹചര്യത്തില്‍ മറ്റൊരു താരത്തിന് പേരെടുക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്.
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പോന്ന തരത്തിലുള്ള ബെഞ്ച് സ്‌ട്രെങ്ത് ഇന്ത്യക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരു സമയത്ത് ഒരു മത്സരം എന്ന രീതിയില്‍ വേണം ഇന്ത്യ ലോകകപ്പിനെ സമീപിക്കാന്‍. ആദ്യം സെമി ഫൈനലില്‍ എത്താന്‍ മാത്രം ശ്രമിക്കുക, അതിന് ശേഷം കിരീടം നേടാന്‍ ശ്രമിക്കുക,’ ശാസ്ത്രി പറഞ്ഞു.
ബുംറക്ക് പകരക്കാരനായി ടീമിലെത്താന്‍ സാധ്യത കല്‍പിക്കുന്ന മുഹമ്മദ് ഷമിയെ കുറിച്ചും ശാസ്ത്രി പറഞ്ഞു. ഓസ്‌ട്രേലിയന്‍ പിച്ചില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിവുള്ള താരമാണ് ഷമിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പല തവണ പര്യടനം നടത്തിയിരുന്നു. ഷമി ഇതില്‍ പലതിലും ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഓസീസ് പിച്ചില്‍ എങ്ങനെ പന്തെറിയണമെന്ന് അവന് വ്യക്തമായി അറിയാം,’ ശാസ്ത്രി പറഞ്ഞു.