| Wednesday, 28th September 2022, 5:51 pm

'ഫീല്‍ഡ് ചെയ്യുമ്പോള്‍ കോഹ്‌ലി ഒരു കരിമ്പുലിയാണ്, ബാറ്റിങ്ങിനിറങ്ങുമ്പോള്‍ അവന്‍...'

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെല്ലാം തിരുവനന്തപുരത്തേക്കാണ് ഉറ്റുനോക്കുന്നത്. ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. കളിക്കുന്നത് ദക്ഷിണാഫ്രിക്കക്കെതിരെയാണ് എന്നതിനാല്‍ തന്നെ ഇന്ത്യക്കിത് അഭിമാന പ്രശ്‌നവുമാണ്.

മത്സരത്തില്‍ ഇന്ത്യയുടെ ഏയ്‌സാകാന്‍ പോകുന്നത് മുന്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെയാണെന്നുറപ്പാണ്. കഴിഞ്ഞ ഏറെ നാളായി ഫോം ഔട്ടില്‍ വലയുന്ന വിരാട് തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഏഷ്യാ കപ്പില്‍ തന്റെ ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കാലങ്ങളായുള്ള തന്റെ സെഞ്ച്വറി വരള്‍ച്ചക്കും വിരാമമിട്ടിരുന്നു. അഫ്ഗാനെതിരായ മത്സരത്തില്‍ അന്താരാഷ്ട്ര ടി-20യില്‍ ആദ്യമായി സെഞ്ച്വറി നേടിയായിരുന്നു സെഞ്ച്വറി വരള്‍ച്ചക്ക് വിരാട് വിരാമമിട്ടത്.

ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായ പ്രകടനമായിരുന്നു സീരീസില്‍ വിരാട് പുറത്തെടുത്തത്.

വിരാടിന്റെ ഫോമിനെ കുറിച്ചും നിലവിലെ കളി രീതിയെ കുറിച്ചുമെല്ലാം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ മുന്‍ പരിശീലകനായ ആര്‍. ശ്രീധര്‍.

കളിയില്‍ നിന്നും അല്‍പകാലം വിട്ടുനിന്നതാണ് താരത്തിന് കരുത്തായതെന്നും ഏഷ്യാ കപ്പിലെ പ്രകടനം അതിന് അടിവരയിടുന്നതാണെന്നും അദ്ദേഹം പറയുന്നു.

ക്രിക്കറ്റ് ഡോട്ട് കോമിനോടായിരുന്നു ശ്രീധര്‍ ഇക്കാര്യം പറഞ്ഞത്.

‘ബ്രേക്കിന് ശേഷം അവന്‍ മികച്ച രീതിയിലാണ് കളിക്കുന്നത്. കുടുംബത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളാണ് അവനില്‍ അത്ഭുതങ്ങള്‍ വരുത്തിയിരിക്കുന്നത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ അത് നമ്മളെല്ലാവരും കണ്ടതാണ്.

ഹൈദരാബാദില്‍ അവന്‍ ബാറ്റ് ചെയ്യുന്നത് കണ്ട എല്ലാവര്‍ക്കും കിങ് ഈസ് ബാക്ക് എന്ന് നിസ്സംശയം പറയാം.

അവന്‍ ഒരു പാന്തറിനെ പോലെയാണ് ഫീല്‍ഡ് ചെയ്യുന്നത്. അവന്റെ ബാറ്റിങ് മനോഹാര്യതയുടെ പര്യായമാണ്. ടി-20 ലോകകപ്പിന് മുമ്പ് അവന്റെ ഫോം ഇന്ത്യയെ സംബന്ധിച്ച് ശുഭവാര്‍ത്തയാണ്,’ അദ്ദേഹം പറയുന്നു.

അതേസമയം, ഓസീസിനെതിരായ പരമ്പരക്ക് പിന്നാലെ കോഹ്‌ലി മിന്നുന്ന ഫോം തുടരുകയാണ്. ആ പരമ്പരയുടെ ആവേശം അണയും മുമ്പ് തന്നെയാണ് ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങുന്നത്.

ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ട്വന്റി-20 പരമ്പരയാണ് പ്രോട്ടീസിനെതിരെയുള്ളത്. ടീമിന് മികച്ച തയ്യാറെടുപ്പ് നടത്താനുള്ള അവസരമായിട്ടാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയെ വിലയിരുത്തുന്നത്.

സെപ്റ്റംബര്‍ 28 ബുധനാഴ്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തുന്നത്. നേരത്തെ ഐ.പി.എല്ലിന് ശേഷം ഇരുവരും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഏറ്റുമുട്ടിയിരുന്നു. 2-2 എന്ന നിലയില്‍ പരമ്പര സമനിലയില്‍ കലാശിക്കുകയായിരുന്നു.

Content Highlight:  Former Coach R Sridhar about Virat Kohli’s form

We use cookies to give you the best possible experience. Learn more