പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രിയുടെ 'മാര്‍ക്കറ്റിംഗ് ഗിമ്മിക്ക്' മാത്രം, ആദ്യം സി.ബി.ഐയിലെ പ്രശ്‌നം പരിഹരിക്ക്; പരിഹാസവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല.
national news
പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രിയുടെ 'മാര്‍ക്കറ്റിംഗ് ഗിമ്മിക്ക്' മാത്രം, ആദ്യം സി.ബി.ഐയിലെ പ്രശ്‌നം പരിഹരിക്ക്; പരിഹാസവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th October 2018, 9:04 am

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നാളെ അനാഛാദം ചെയ്യാനിരിക്കെ പരിഹാസവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുന്‍ ബി.ജെ.പി നേതാവുമായ ശങ്കര്‍സിങ് വഗേല. പ്രധാനമന്ത്രി കാണിക്കുന്നത് “മാര്‍ക്കറ്റിംഗ് ഗിമ്മിക്ക്” ആണെന്നും ആദ്യം സി.ബി.ഐയും ആര്‍.ബി.ഐയെയും ഒരുമിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടതെന്നും വഗേല പറഞ്ഞു.

നിലവില്‍ സി.ബി.ഐയിലെയും റിസര്‍വ് ബാങ്കിലെയും പ്രശ്‌നങ്ങള്‍ പരസ്യമായിരിക്കുകയാണ്, ഈ പ്രതിസന്ധി പരിഹരിക്കാനാണ് മോദി ശ്രമിക്കേണ്ടെതെന്നും എന്നിട്ട് വേണം ഐക്യത്തെകുറിച്ച് സംസാരിക്കാനെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ എന്ത് ഐക്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും വഗേല ചോദിച്ചു.

എന്ത് ഐക്യത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. ഇന്ത്യന്‍ രൂപയെ രക്ഷിക്കാനും ഇന്ധനവില കുറയ്ക്കുന്നതിനും ഒക്കെ യോജിക്കുകയോ ഐക്യത്തോടെയോ ഇടപ്പെടുകയോ ചെയ്യുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി നഗറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read ഭീഷണി പ്രസംഗം തിരിച്ചടിയാകും; അമിത് ഷായ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് പ്രതിപക്ഷകക്ഷികള്‍

3000 കോടിയുടെ പദ്ധതിയില്‍ ജനങ്ങളുടെ പണം പാഴാക്കുകയാണ്. ലളിതമായ ജീവിതം നയിച്ച സര്‍ദാര്‍ പട്ടേലും പ്രതിമ നിര്‍മാണത്തിന്റെ ഉദ്ദേശവും തമ്മില്‍ എന്താണ് ബന്ധം. നിലവില്‍ ഗുജറാത്തിലെ പൊതുകടം 2,50,000 കോടി ആണെന്നോര്‍ക്കണമെന്നും. മുമ്പോരിക്കലും ഇഷ്ടപ്പെടാതിരുന്ന സര്‍ദാറിന്റെ പേര് ബി.ജെ.പിക്കും മോദിക്കും ഇപ്പോള്‍ എങ്ങനെയാണ് ഇഷ്ടമായതെന്നും വഗേല ചോദിച്ചു.

സര്‍ദാറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം ജയിലിലടച്ച പട്ടീദാര്‍ യുവാക്കളെ വിട്ടയക്കാന്‍ കൂടി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്നാം തിയ്യതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ അനാഛാദം ചെയ്യുന്നത്.

DoolNews Video