|

ഡി.കെ ശിവകുമാറിന്റെ അറസ്റ്റ്; പിന്തുണയറിയിച്ചതിന് പിന്നാലെ ഗൗരമ്മയെ സന്ദര്‍ശിച്ച് കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെഗ്‌ളൂരു: ജനതാദള്‍ സെക്കുലര്‍ നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അമ്മയെ കണ്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അമ്മ ഗൗരമ്മയെ കുമാരസ്വാമി സന്ദര്‍ശിക്കുന്നത്.

നേരത്തെ ശിവകുമാറിന് പിന്തുണയറിയിച്ച് ജനതാദള്‍ എസ് രംഗത്തെത്തിയിരുന്നു.
തന്റെ അറസ്റ്റിനു പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ വൈര്യമാണെന്നാണ് ശിവകുമാര്‍ പ്രതികരിച്ചത്. തന്റെ അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുത്. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ചു തിരിച്ചുവരുമെന്നും ദൈവത്തിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.

മകന്റെ വളര്‍ച്ചയില്‍ ബി.ജെ.പി അസുയയാണെന്നായിരുന്നു ഗൗരമ്മ പ്രതികരിച്ചത്.
‘അവര്‍ക്ക് സഹാനുഭൂതിയില്ല. ബി.ജെ.പിയല്ലാതെ മറ്റാരും ശിവകുമാറിനോട് ഇത് ചെയ്യില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ വളര്‍ച്ചയില്‍ അവര്‍ക്ക് അസൂയയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ശിവകുമാറിനെ സഹായിക്കാന്‍ കഴിയുന്നില്ല’, എന്നും ഗൗരമ്മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Video Stories