ന്യൂദല്‍ഹി: ഇ-മെയില്‍ അക്കൗണ്ട് വഴി പണം ആവശ്യപ്പെട്ട് മുന്‍ ചീഫ് ജസ്റ്റിസില്‍ നിന്നും ഒരു ലക്ഷം രൂപ തട്ടിയതായി പരാതി. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോഥയാണ് പരാതിയുമായി ദല്‍ഹി പോലീസിനെ സമീപിച്ചത്. സുഹൃത്തിന്റെ ഇ മെയില്‍ അക്കൗണ്ട് വഴി പണം ആവശ്യപ്പെടുകയായിരുന്നെന്നാണ് പരാതി. ദല്‍ഹി മാളവ്യ നഗര്‍ പോലീസ് സ്റ്റേഷനിലാണ് പരാതിയുമായെത്തിയത്.
സുഹൃത്തായ ജസ്റ്റിസ് ബി.പി സിങിന്റെ ഇ മെയില്‍ അക്കൗണ്ടില്‍ നിന്നും അടിയന്തിരമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയായിരുന്നെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.95,000 രൂപയോ ഒരു ലക്ഷം രൂപയോ ഡോക്ടറുടെ അക്കൗണ്ടിലേക്ക് നല്‍കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ പിന്നീട് ബന്ധുവിന് ലുക്കീമിയ ആണെന്നും ചികില്‍സയ്ക്കായി പണം അത്യാവശ്യമാണെന്നുമാണെന്നും മറുപടി ലഭിക്കുകയായിരുന്നു. ഇതോടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നെന്നും 50,000 രൂപ വച്ച് രണ്ട് തവണയായാണ് പണം നല്‍തിയതെന്നും ജസ്റ്റിസ് ലോഥ പരാതിയില്‍ പറയുന്നു.
എന്നാല്‍ പണം കൈമാറിയതിന് ശേഷമാണ് സുഹൃത്തിന്റെ ഇ മെയില്‍ ഹാക്ക് ചെയ്തതതാണെന്ന് അറിഞ്ഞത്. സംഭവത്തില്‍ തട്ടിപ്പുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.