| Wednesday, 29th July 2015, 7:55 pm

സദാശിവത്തിന് ബി.ജെ.പിയുമായി ബന്ധം, എന്‍.എച്ച്.ആര്‍.സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ദത്തുവുമായി മത്സരിക്കുന്നു: കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരള ഗവര്‍ണറും മുന്‍ ചീഫ് ജസ്റ്റിസുമായ സദാശിവത്തിനും നിലവിലെ ചിഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിനുമെതിരെ ആരോപണവുമായി ജസ്റ്റീസ് മാര്‍കണേ്ഠയ കട്ജു. ഇരുവരും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടി മത്സരിക്കുകയാണെന്ന് കട്ജു പറഞ്ഞു.

കേരള ഗവര്‍ണര്‍ക്ക് ബി.ജെ.പി നേതാക്കളുമായി അനൗപചാരിക കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വിശ്വസനീയമായ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരമാണിതെന്നും മുമ്പ് തനിക്ക് സദാശിവത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് കട്ജുവിന്റെ അഭിപ്രായപ്രകടനം.

താന്‍ അടുത്തിടെയാണ് ഈ വിവരം അറിഞ്ഞതെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ സദാശിവത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നതിന് അദ്ദേഹത്തിന്റെ അനുവാദം തേടിയെന്നും കട്ജു പറഞ്ഞു. എന്നാല്‍ നിലവിലെ സി.ഐ.ജി ദത്തു ഇതിന് എതിരാണെന്നും 2015 ഡിസംബര്‍ രണ്ടിന് അദ്ദേഹം വിരമിച്ച് കഴിഞ്ഞാല്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകാനാണ് അദ്ദേഹവും ആഗ്രഹിക്കുന്നതെന്നും കട്ജു പറയുന്നു.

സദാശിവത്തെ ബി.ജെ.പി നിര്‍ദേശിച്ചതിനെത്തുടര്‍ന്നായിരുന്നു കേരള ഗവര്‍ണറായി നിയമിച്ചിരുന്നത്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആകുന്നതിനെതിരെ അന്ന് തന്നെ എതിര്‍പ്പുകളുണ്ടായിരുന്നു.

കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“മുന്‍ സി.ജെ.ഐയും നിലവിലെ കേരള ഗവര്‍ണറുമായ സദാശിവം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകാന്‍ ശക്തമായ ശ്രമം നടക്കുന്നതായി വിശ്വസനീയമായ വൃത്തങ്ങളില്‍ നിന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. മുന്‍ സി.ജെ.ഐമാര്‍ക്കുള്ള സ്ഥാനമാണിത്.

സദാശിവത്തിന് വളരെ കാലമായി ബി.ജെ.പി നേതാക്കളുമായി അനൗപചാരിക കൂട്ടുകെട്ടുണ്ട്. അത് ഞാന്‍ അടുത്തിടെയാണ് അറിഞ്ഞത്, (മുമ്പ് എനിക്ക് അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു.). എന്‍.എച്ച്.ആര്‍.സി ചെയര്‍മാനാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമ്മതം ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. എന്നാല്‍ നിലവിലെ സി.ഐ.ജി ഇതിനെയെതിര്‍ത്തു. കാരണം 2015 ഡിസംബര്‍ രണ്ടിന് അദ്ദേഹം വിരമിച്ചതിന് ശേഷം എന്‍.എച്ച്.ആര്‍.സി ചെയര്‍മാനാകണമെന്നാണ് അദ്ദേഹത്തിന്റെയും ആഗ്രഹം.”

We use cookies to give you the best possible experience. Learn more