അർജന്റൈൻ സൂപ്പര്‍താരം റോഡ്രിഗോ ഡി പോളിനെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ചിലി താരം പാട്രിഷിയോ മന്‍ഡോണസ്. ഇതിഹാസതാരം ലയണല്‍ മെസിയുമായുള്ള സൗഹൃദം കൊണ്ട് മാത്രമാണ് ഡി പോള്‍ അര്‍ജന്റീന ടീമില്‍ ഇടം നേടിയതെന്നാണ് മുന്‍ ചിലി താരം പറഞ്ഞത്. ഗോളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്‍ഡോണസ്.
‘അര്‍ജന്റീനയില്‍ റോഡ്രിഗോ ഡി പോള്‍ എന്നൊരു മോശം കളിക്കാരന്‍ ഉണ്ട്. അര്‍ജന്റീനയും ചിലിയും തമ്മിലുള്ള മത്സരം കണ്ടപ്പോള്‍ എനിക്കത് മനസിലായി. അവന്‍ ഫുട്‌ബോളില്‍ വളരെ കഠിനാധ്വാനം ചെയ്യുന്ന ഒരു താരമാണ്. എന്നാലും അവന് ഒരുപാട് പരിമിതികള്‍ ഉണ്ട്. അര്‍ജന്റീന ടീമില്‍ മികച്ച താരങ്ങള്‍ ഉള്ളതിനാലാണ് അത് ആര്‍ക്കും മനസിലാവാത്തത്. അവന്‍ മെസിയുടെ സുഹൃത്തായതുകൊണ്ട് മാത്രമാണ് അര്‍ജന്റീന ടീമില്‍ തെരഞ്ഞെടുക്കപ്പെടുന്നത്,’ മുന്‍ ചിലി താരം പറഞ്ഞു.
2018ലാണ് ഡി പോള്‍ അര്‍ജന്റീനക്കായി അരങ്ങേറ്റം കുറിക്കുന്നത്. ലയണല്‍ സ്‌കലോണിയുടെ കീഴില്‍ 71 മത്സരങ്ങളിലാണ് താരം ബൂട്ടുകെട്ടിയത്. രണ്ട് ഗോളുകളും 11 അസിസ്റ്റുകളുമാണ് ഡി പോള്‍ അര്‍ജന്റീനക്കായി ഇതുവരെ നേടിയത്.
അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാന്‍ ഡി പോളിന് സാധിച്ചിട്ടുണ്ട്. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന സ്‌കലോണിയുടെ കീഴില്‍ നേടിയത്.
അതേസമയം 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്ജന്റീന പരാജയപ്പെടുത്തിയിരുന്നു. ഇതിഹാസതാരങ്ങളായ ലയണല്‍ മെസിയും എയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന കളിക്കുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ടായിരുന്നു.
അര്‍ജന്റീനക്കായി അലക്സിസ് മക്ക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, പൗലോ ഡിബാല എന്നിവരായിരുന്നു ഗോളുകള്‍ നേടിയത്. എന്നാല്‍ കൊളംബിയക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്.
2024 കോപ്പ അമേരിക്ക ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് കൊളംബിയയെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം ചൂടിയത്. എന്നാല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഈ തോല്‍വിക്ക് പകരം വീട്ടിക്കൊണ്ട് കൊളംബിയ ശക്തമായി തിരിച്ചുവരികയായിരുന്നു.
നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും രണ്ട് തോല്‍വിയും അടക്കം 18 പോയിന്റുമായി ഒന്നാം സ്ഥാനത്തുതന്നെയാണ് അര്‍ജന്റീന. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഒക്ടോബര്‍ 11ന് വെനസ്വെലക്കെതിരെയാണ് ലോകചാമ്പ്യന്മാരുടെ അടുത്ത മത്സരം.
Content Highlight: Former Chile Player Talks About De Paul