ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ ടി-20 പരമ്പരക്ക് ശനിയാഴ്ച തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് ഇന്ത്യ ഹരാരെയില്‍ കളിക്കുക.
ഇന്ത്യയുടെ സിംബാബ്‌വേ പര്യടനം സഞ്ജു സാംസണിന്റെ കരിയറില്‍ നിര്‍ണായകമാവുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ സാബ കരിം. ഈ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കളിച്ചാല്‍ സഞ്ജു സാംസണ് സാധിച്ചാല്‍ മൂന്നാം നമ്പറില്‍ സ്ഥിരമാകാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സോണി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഈ പരമ്പരയില്‍ സഞ്ജു മൂന്നാം നമ്പറില്‍ കളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
‘അവന് ഇതിന് മുമ്പ് മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ്. മൂന്നാം നമ്പറില്‍ അവന് കൂടുതല്‍ അവസരം ലഭിച്ചേക്കും. എന്നാല്‍ അവനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്.
അവന്‍ ഇവിടെ അഞ്ച് മത്സരങ്ങളും കളിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, അതില്‍ അവന്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ അവന് മൂന്നാം നമ്പറില്‍ സ്ഥിരമാകാന്‍ സാധിക്കും. കാരണം അവന്‍ ഏറെ കഴിവുള്ള താരമാണ്.
അവന് ഇപ്പോള്‍ ഒരുപാട് അനുഭവ സമ്പത്തുണ്ട്. അവന്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയില്‍ നയിച്ചു. പക്ഷേ സാംസണ് മുമ്പില്‍ ഏറെ വെല്ലുവിളികളുണ്ട്,’ അദ്ദേഹം പറഞ്ഞു.
സാബ കരീം പറഞ്ഞതു പ്രകാരം ഈ പര്യടനത്തിലെ അഞ്ച് മത്സരത്തിലും കളത്തിലിറങ്ങാന്‍ സഞ്ജുവിന് സാധിക്കില്ല. സഞ്ജുവിന് പുറമെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയ യശസ്വി ജെയ്‌സ്വാളും ശിവം ദുബെയും ആദ്യ രണ്ട് മത്സരത്തില്‍ കളത്തിലിറങ്ങില്ല.
മോശം കാലാവസ്ഥ മൂലം ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിന്റെ യാത്ര വൈകിയതും ഇന്ത്യയില്‍ ലോകകപ്പ് ടീം പ്രധാനമന്ത്രിയെ കാണുകയും മറ്റ് ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതിനാലും ബി.സി.സി.ഐ സഞ്ജുവടക്കമുള്ളവര്‍ക്ക് പകരക്കാരെയും പ്രഖ്യാപിച്ചിരുന്നു.